ഐപിഎല്‍; ഡല്‍ഹി ഒന്നാമത്; വീണ്ടും ചെന്നൈയെ വീഴ്ത്തി

18ാം ഓവറില്‍ ഹെറ്റ്‌മെയറെ പുറത്താക്കാനുള്ള മികച്ച അവസരം ചെന്നൈ നഷ്ടപ്പെടുത്തിയിരുന്നു.

Update: 2021-10-04 18:07 GMT


ദുബയ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്.സീസണില്‍ ഇത് രണ്ടാം തവണയാണ് ചെന്നൈയെ ഡല്‍ഹി പരാജയപ്പെടുത്തുന്നത്. ജയത്തോടെ ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തി. അവസാന ഓവറുകളില്‍ പിടിച്ച് നിന്ന് മല്‍സരം ഡല്‍ഹിക്കൊപ്പമാക്കിയത് ഹെറ്റ്‌മെയറാണ്. 18 പന്തില്‍ 28 റണ്‍സാണ് താരം നേടിയത്. രണ്ട് പന്ത് ശേഷിക്കെയാണ് ഡല്‍ഹിയുടെ ജയം. 19.3 ഓവറില്‍ ഡല്‍ഹിക്ക് വേണ്ടത് രണ്ട് റണ്‍സായിരുന്നു. ആദ്യ പന്ത് ഫോര്‍ അടിച്ച് റബാദെ ഡല്‍ഹിക്ക് ജയം സമ്മാനിച്ചു (139-7).


18ാം ഓവറില്‍ ഹെറ്റ്‌മെയറെ പുറത്താക്കാനുള്ള മികച്ച അവസരം ചെന്നൈ നഷ്ടപ്പെടുത്തിയിരുന്നു. പകരക്കാരനായി വന്ന ഗൗതം കൃഷ്ണപ്പ ഹെറ്റ്‌മെയറുടെ ക്യാച്ച് കൈവിട്ടിരുന്നു. ഇതാണ് ഇന്ന് ചെന്നൈക്ക് തിരിച്ചടിയായത്. ഡല്‍ഹി നിരയില്‍ ധവാനാണ് (39) ടോപ് സ്‌കോറര്‍. ചെന്നൈക്കെതിരേ അനായാസം ജയിക്കാമെന്ന് കരുതിയെ ഡല്‍ഹിയെ മികച്ച ബൗളിങിലൂടെ ചെന്നൈ ഞെട്ടിച്ചിരുന്നു. പൃഥ്വി ഷാ-18, ഋഷഭ് പന്ത്-15, റിപ്പല്‍ പട്ടേല്‍-18 എന്നിങ്ങനെയാണ് ഡല്‍ഹി താരങ്ങളുടെ സ്‌കോറുകള്‍.


നേരത്തെ ടോസ് നേടിയ ഡല്‍ഹി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങനയക്കുകയായിരുന്നു. എന്നാല്‍ ചെന്നൈയെ ഡല്‍ഹി 136 റണ്‍സിന് പൂട്ടുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 136 റണ്‍സ് നേടിയത്.അമ്പാട്ടി റായിഡുവിന്റെ ചെറുത്ത് നില്‍പ്പാണ് ഇന്ന് ചെന്നൈയെ വന്‍ വീഴ്ചയില്‍ നിന്നും പിടിച്ചുനിര്‍ത്തിയത്. താരം 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടി. ക്യാപ്റ്റന്‍ ധോണി ഇന്നും നിരാശാജനകമായ പ്രകടനമായിരുന്നു. ഗെയ്ക്ക്‌വാദ്-13, ഉത്തപ്പ -19, ധോണി-18 എന്നിങ്ങനെയാണ് ചെന്നൈ ബാറ്റിങ് നിരയുടെ ഇന്നത്തെ പ്രകടനം.




Tags:    

Similar News