കോഹ്‌ലി ക്യാപ്റ്റന്‍സിക്ക് വിരാമം; എലിമിനേറ്ററില്‍ നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി
എലിമിനേറ്ററില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന്റെ പരാജയം രുചിച്ചു.
ഷാര്‍ജ: ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഐപിഎല്‍ കിരീടമെന്ന സ്വപ്‌നം ഇക്കുറിയും സഫലമായില്ല. എലിമിനേറ്ററില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് നാല് വിക്കറ്റിന്റെ പരാജയമാണ് ആര്‍സിബി വഴങ്ങിയത്. കോഹ്‌ലി ആര്‍സിബി ക്യാപ്റ്റനായുള്ള അവസാന മല്‍സരത്തില്‍ തോല്‍വി വഴങ്ങിയത് ആരാധകരെ നിരാശരാക്കി. ഈ ഐപിഎല്ലോടെ ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി ദുബയിലെ ആദ്യ മല്‍സരത്തിനെ മുന്നോടിയായി പ്രഖ്യാപിച്ചിരുന്നു.
ജയത്തോടെ കൊല്‍ക്കത്ത ഡല്‍ഹിയുമായുള്ള രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി. 139 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കരസ്ഥമാക്കി. നേരത്തെ ആര്‍സിബിയുടെ നാല് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരേയ്ന്‍ ബാറ്റിങിലും ഹീറോയായി.15 പന്തില്‍ താരം 26 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്ലും (29), വെങ്കിടേഷ് അയ്യരും (26) മികച്ച തുടക്കമാണ് കെകെആറിന് നല്‍കിയത്. എന്നാല്‍ ഗില്‍ പുറത്തായതിന് ശേഷമെത്തിയ ത്രിപാഠിയും പെട്ടെന്ന് മടങ്ങി.തുടര്‍ന്ന് വന്ന നിതേഷ് റാണയും (23) നരേയ്‌നും ഏറെ നേരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ റാണയെയും നരേയ്‌നെയും പുറത്താക്കി ആര്‍സിബി മല്‍സരത്തിലേക്ക് തിരിച്ചുവന്നിരുന്നു. ദിനേശ് കാര്‍ത്തിക്കും പെട്ടെന്ന് പുറത്തായി. അപ്പോഴേക്കും കെകെആറിന്റെ ലക്ഷ്യം അടുത്തെത്തിയിരുന്നു. ക്യാപ്റ്റന്‍ മോര്‍ഗന്‍ (5), ഷാഖിബുള്‍ ഹസ്സന്‍ (9) എന്നിവര്‍ ശ്രദ്ധയോടെ അവസാന ഓവറുകളില്‍ നിലയുറപ്പിച്ചതോടെ കൊല്‍ക്കത്ത വിജയത്തിലേക്കും ആര്‍സിബി ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തേക്കും നീങ്ങി.
മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ബാംഗ്ലൂരിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
നേരത്തെ ബാംഗ്ലൂരിനെ 138 റണ്‍സിനാണ് കൊല്‍ക്കത്ത പൂട്ടിയത്. ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളൂ. കൊല്‍ക്കത്തയുടെ സുനില്‍ നരേയ്ന്‍ നാല് വിക്കറ്റ് കൊയ്താണ് ആര്‍സിബിയെ പിടിച്ചുകെട്ടിയത്. ക്യാപ്റ്റന്‍ കോഹ്‌ലി (39) മാത്രമാണ് ബാംഗ്ലൂരിനായി പിടിച്ചു നിന്നത്. ദേവ്ദത്ത് പടിക്കല്‍ 21 റണ്‍സെടുത്ത് പുറത്തായി. മാക്‌സ്‌വെല്ലിനും (15) ഡിവില്ലിയേഴ്‌സിനും (11) ഇന്ന് ഫോം കണ്ടെത്താനായില്ല. ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റ് നേടി.