ഐപിഎല്‍; പ്ലേ ഓഫ് പ്രതീക്ഷയില്‍ കെകെആര്‍; ഡല്‍ഹി വീണു
ആവേഷ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.
ഷാര്‍ജ: പ്രീമിയര്‍ ലീഗില്‍ ഡല്‍ഹിയുടെ സ്വപ്‌ന കുതിപ്പിന് തടയിട്ട് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ തിരിച്ചുവരവ്. ഇന്ന് നടന്ന മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഡല്‍ഹിയെ കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
128 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കൊല്‍ക്കത്ത 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്ത് ജയം വരിച്ചു. മറുപടി ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 11 ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ട്‌പ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴേക്കും സ്‌കോര്‍ 67 റണ്‍സ് പിന്നിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍(30), വെങ്കിടേഷ് അയ്യര്‍ (14), രാഹുല്‍ ത്രിപാഠി (14) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് വന്ന നിതേഷ് റാണ (36), നരേയ്ന്‍ (21) എന്നിവര്‍ നിലയുറപ്പിച്ചതോടെ കൊല്‍ക്കത്തന്‍ ജയം അനായാസമായി. ദിനേശ് കാര്‍ത്തിക്ക് 12 റണ്‍സെടുത്തു. ഡല്‍ഹിയ്ക്കായി ആവേഷ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. ഡല്‍ഹിയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സ്റ്റീവ് സ്മിത്ത്(39), ഋഷഭ് പന്ത് (39), ശിഖര്‍ ധവാന്‍ (24) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ. ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഒരു സിക്‌സര്‍ പറത്താന്‍ പോലും ഡല്‍ഹിക്ക് ആയില്ല. കൊല്‍ക്കത്തയ്ക്കായി വെങ്കിടേഷ്, നരേയ്ന്‍, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.