ഐപിഎല്‍; രാഹുലിനെയും റാഷിദ് ഖാനെയും ലഖ്‌നൗ ഫ്രാഞ്ചൈസി പിന്‍തുടരുന്നു; ബിസിസിഐക്ക് പരാതി
2010ല്‍ രവീന്ദ്ര ജഡേജയെ സമാന തരത്തില്‍ വിലക്കിയിരുന്നു.
മുംബൈ: ഐപിഎല്‍ 2022ലെ താര ലേലം നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിനെതിരേ(ആര്‍പിഎസ്ജി ഗ്രൂപ്പ്) ബിസിസിഐക്ക് പരാതി. പഞ്ചാബ് കിങ്‌സ് ഇലവന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് ബിസിസിഐക്ക് മുന്നില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ പ്രധാന താരങ്ങളായ കെ എല്‍ രാഹുല്‍, റാഷിദ് ഖാന്‍ എന്നിവരെ പുതിയ ഫ്രാഞ്ചൈസി റാഞ്ചുന്നുവെന്നാണ് പരാതി. താരങ്ങളെ ഫ്രാഞ്ചൈസി വിടാതെ പിന്‍തുടരുന്നുവെന്നും താരങ്ങളെ സ്വന്തമാക്കാന്‍ അവരെ സ്വാധീനിക്കുന്നുവെന്നുമാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പരാതി സത്യമെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ രാഹുല്‍ നേരത്തെ തന്നെ ക്ലബ്ബ് വിടുമെന്ന് അറിയിച്ചിരുന്നു. താരം ലക്‌നൗ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാവാന്‍ ഒരുക്കമാണെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.അഫ്ഗാന്‍ താരം റാഷിദ് ഖാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന താരമാണ്. എന്നാല്‍ 14-16 വരെ കോടി ലഭിച്ചാലേ ടീമില്‍ തുടരുകയുള്ളൂവെന്ന് റാഷിദ് വ്യക്തമാക്കിയിട്ടുണ്ട്.
ലേലത്തിന് മുമ്പ് ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെടരുതെന്നാണ് നിയമം. ഐപിഎല്‍ നിയമം ലംഘിക്കുന്ന പക്ഷം താരങ്ങളെ വിലക്കും. 2010ല്‍ രവീന്ദ്ര ജഡേജയെ സമാന തരത്തില്‍ വിലക്കിയിരുന്നു.പുതിയ ഫ്രാഞ്ചൈസികള്‍ക്ക് ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ സ്വന്തമാക്കാം. രാഹുല്‍, റാഷിദ് ഖാന്‍ എന്നിവരെയും മറ്റൊരു താരത്തെയും സ്വന്തമാക്കാനാണ് ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ നീക്കം.