ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യമല്‍സരം ചെന്നൈയും ബാഗ്ലൂരും തമ്മില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 12ാമത് എഡിഷന് ഇന്ന് തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്കില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് ഉദ്ഘാടനമല്‍സരം. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സുമാണ് ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടുക. ലോകത്തിലെ ഏറ്റവും വലിയ ട്വിന്റി20 ലീഗ് എന്നാണ് ഐപിഎല്ലിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ എട്ട് ടീമുകളാണുള്ളത്. എല്ലാ ടീമുകളും ഏഴു മല്‍സരങ്ങള്‍ അവരവരുടെ ഹോം ഗ്രൗണ്ടില്‍ കളിക്കും. ലോകകപ്പിന് മുന്നോടിയായുള്ള ഐപിഎല്‍ ഏവരുടെയും പരിശീലനക്കളരിയാണ്.
ഡല്‍ഹി ക്യാപിറ്റല്‍സാണ് ഇത്തവണ കറുത്ത കുതിരകളാവുകയെന്ന് ക്രിക്കറ്റ് വിദ്ഗദ്ധര്‍ പറയുന്നു. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പേര് മാറ്റിയതിനൊപ്പം ഒരു പിടി സൂപ്പര്‍ താരങ്ങളെയും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നിരുന്നാലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തന്നെയാണ് കിരീട സാധ്യത. മുന്‍ റണ്ണേഴ്‌സ് അപ്പായ റോയല്‍ ചാലഞ്ചേഴ്‌സാണ് ചെന്നൈയുടെ എതിരാളികള്‍. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂരും മുന്‍ ക്യാപ്റ്റന്‍ നയിക്കുന്ന ചെന്നൈ തമ്മിലുള്ള മല്‍സരം ക്ലാസ്സിക്ക് മാച്ച് ആവുമെന്ന് വിലയിരുത്തുന്നു.
നിരവധി താരങ്ങളാല്‍ സമ്പുഷ്ഠമാണെങ്കിലും കിരീടം നേടാന്‍ കഴിയാതെ വന്ന ബാംഗ്ലൂര്‍ ടീം ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സും കോഹ്‌ലിയും ഒത്തു ചേര്‍ന്നാല്‍ മികച്ച ഇന്നിങ്‌സാണ് ആരാധകര്‍ പ്രതിക്ഷിക്കുന്നത്. ചെന്നൈയാകട്ടെ പഴയ ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്താതെയാണ് ഇന്നിറങ്ങുന്നത്. ഇത് രണ്ടാം തവണയാണ് ഇരുടീമും ഉദ്ഘാടനമല്‍സരത്തില്‍ ഒരുമിക്കുന്നത്. 22 തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 14എണ്ണത്തിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ സീസണില്‍ ഒരു തോല്‍വിയുമറിയാതെയായിരുന്നു സിസികെയുടെ കുതിപ്പ്. അമ്പാട്ടി റായിഡു, ഷെയ്ന്‍ വാട്‌സണ്‍, സുരേഷ് റെയ്‌ന എന്നീ ത്രയങ്ങള്‍ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷ. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആവട്ടെ കഴിഞ്ഞ തവണ പ്ലേ ഓഫില്‍ പോലുമെത്തിയിട്ടില്ല. എന്നാല്‍ ഇത്തവണ തങ്ങളുടെ ചീത്ത പേര് മാറുമെന്ന പ്രതീക്ഷയിലാണ് ബാംഗ്ലൂര്‍. വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ബാംഗ്ലൂരിന്റെ മറ്റൊരു പ്രതീക്ഷ.