ഐപിഎല്‍; ധവാനും പൃഥ്വിയും അടിച്ചെടുത്തു; ഡല്‍ഹി ഒരുങ്ങി തന്നെ

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്.

Update: 2021-04-10 17:49 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള ആദ്യ പോരാട്ടം കൈക്കലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ആദ്യമല്‍സരം തുടങ്ങിയത്. 189 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയാണ് ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്. തുടക്കം മുതലേ ജയിക്കാനുറച്ചാണ് ഡല്‍ഹി അടിതുടങ്ങിയത്. ശിഖര്‍ ധവാനും (85), പൃഥ്വി ഷാ(72)യുമാണ് ഡല്‍ഹി വെടിക്കെട്ടിന് തിരികൊളിത്തിയത്. സ്‌കോര്‍ 138ല്‍ നില്‍ക്കെയാണ് ഡല്‍ഹി വന്‍മതിലിന്റെ ആദ്യ വിക്കറ്റ് വീഴുന്നത്(ഷാ) രണ്ടാം വിക്കറ്റാവട്ടെ സ്‌കോര്‍ 167ല്‍ നില്‍ക്കെയും (ധവാന്‍). തുടര്‍ന്ന് വന്ന ഋഷഭ് പന്തും (15*) സ്റ്റോണിസും (14)മോശമാക്കാതെ ജയം എളുപ്പമാക്കി.

ചെന്നൈയ്ക്കായി ശ്രാദ്ദുല്‍ ഠാക്കൂര്‍ രണ്ടും ബ്രാവോ ഒരു വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു. ഏഴ് റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയെ കരകയറ്റിയത് സുരേഷ് റെയ്‌നയും (36 പന്തില്‍ 54), മോയിന്‍ അലിയും (36) ചേര്‍ന്നാണ്. തുടര്‍ന്ന് വന്ന അമ്പാട്ടി റായിഡു 23 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജഡേജയും (26*) സാം കറനും (34) ചേര്‍ന്ന് ചെന്നൈയെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചു. ക്യാപ്റ്റന്‍ ധോണി(0), ഫഫ് ഡു പ്ലിസ്സിസ് (0), ഗെയ്ക്ക്‌വാദ് (5) എന്നിവരുടെ വിക്കറ്റ് നൊടിയിടയില്‍ ചെന്നൈയ്ക്ക് നഷ്ടപ്പെട്ടു.ഗെയ്ക്ക്‌വാദും, ഫഫ് ഡു പ്ലിസ്സിസുമാണ് ഇന്ന് ചെന്നൈയ്ക്കായി ഓപ്പണ്‍ ചെയ്തത്. ധോണി ഏഴാമതായാണ് ഇറങ്ങിയത്. ഡല്‍ഹിക്കായി വോക്ക്‌സ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.




Tags:    

Similar News