ഐ പി എല്‍; കൊല്‍ക്കത്തയ്ക്ക് മുന്നിലും ചെന്നൈ വീണു
കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്.
അബുദാബി: ഐപിഎല്ലില്‍ ജയിക്കാവുന്ന മല്‍സരം കൈയ്യെത്തും ദൂരത്ത് കൈവിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് ചെന്നൈ തോറ്റത്. 168 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കുകയായിരുന്നു. രണ്ടിന് 99 എന്ന മികച്ച നിലയില്‍ നിന്ന് ചെന്നൈ തകരുകയായിരുന്നു. വാട്‌സണ്‍ 50 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയിരുന്നു. ഫഫ് ഡു പ്ലിസ്സിസ് 17 റണ്‍സെടുത്ത് പുറത്തായെങ്കിലും പിന്നീട് വന്ന അമ്പാട്ടി റായിഡും 30 റണ്‍സെടുത്തു. റായിഡുവിന് ശേഷമെത്തിയ ധോണിക്കും (11), സാം കറനും (17) പിന്നീട് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ജഡേജ എട്ട് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നെങ്കിലും 167 എന്ന ലക്ഷ്യം മറികടക്കാന്‍ ചെന്നൈയ്ക്കായില്ല. മുംബൈ നിരയില്‍ റസ്സല്‍, നരേയ്ന്‍,നാഗര്‍കോട്ടി, വിനോദ്, മാവി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ ത്രിപാട്ടിയെന്ന ഒറ്റയാന്‍ ബാറ്റ്‌സ്മാന്റെ ചിറകില്‍ കയറിയാണ് കൊല്‍ക്കത്ത 167 റണ്‍സെടുത്തത്. 51 പന്തില്‍ നിന്ന് 81 റണ്‍സെടുത്ത് ത്രിപാട്ടി കൊല്‍ക്കത്തയുടെ രക്ഷകനാവുകയായിരുന്നു. ഗില്‍(11), നരേയ്ന്‍(17), കാര്‍ത്തിക്ക് (12), കമ്മിന്‍സ്(17) എന്നിവര്‍ക്കൊന്നും കൊല്‍ക്കത്തയുടെ സ്‌കോര്‍ കാര്യമായി ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നിശ്ചിത ഓവറില്‍ 167 ന് അവര്‍ പുറത്താവുകയായിരുന്നു. ബ്രാവോ ചെന്നൈയ്ക്കായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കറന്‍, ഠാക്കൂര്‍, ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.