റിങ്കുവിന്റെ പോരാട്ടം വിഫലം; ലഖ്‌നൗവിന് പ്ലേ ഓഫ് ബെര്‍ത്ത്; കൊല്‍ക്കത്ത പുറത്തേക്ക്
70 പന്തിലാണ് ഡികോക്ക് 140 റണ്‍സ് നേടിയത്.
മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ചു. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ രണ്ട് റണ്‍സിന്റെ ജയം നേടിയാണ് ഗുജറാത്തിന് താഴെ രണ്ടാമതായി പ്ലേ ഓഫിലേക്ക് ടീം യോഗ്യത നേടിയത്. 211 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്‍തുടര്‍ന്ന് കൊല്‍ക്കത്ത ജയത്തിനരികെയെത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം കെകെആര്‍ സ്വപ്‌നം തകരുകയായിരുന്നു. അവസാന പന്തില്‍ കൊല്‍ക്കത്ത രണ്ട് റണ്‍സായിരുന്നു വേണ്ടത്.എന്നാല്‍ റിങ്കു സിങിനെ പുറത്താക്കി സ്റ്റോണിസ് ലഖ്‌നൗവിന് പ്ലേ ഓഫ് ടിക്കറ്റ് നല്‍കി.
റിങ്കു സിങ്(15 പന്തില്‍ 40 റണ്‍സ്), നരേയ്ന്‍ (ഏഴ് പന്തില്‍ 21) എന്നിവര്‍ അവസാനം വരെ കൊല്‍ക്കത്തയ്ക്ക് വേണ്ടി പൊരുതിയാണ് കീഴടങ്ങിയത്. നേരത്തെ നിതേഷ് റാണ (42), ശ്രേയസ് അയ്യര്‍ (50), ബില്ലിങ്‌സ്(36) എന്നിവരും കൊല്‍ക്കത്തയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. തോല്‍വിയോടെ കെകെആറിന്റെ ഈ സീസണിലെ പ്ലേ ഓഫ് സ്വപ്‌നം അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് 210 റണ്‍സ് നേടിയത്. പുറത്താവാതെ 140 റണ്‍സ് നേടിയ ഡികോക്കും 68 റണ്‍സ് നേടിയ കെ എല്‍ രാഹുലുമാണ് ലഖ്‌നൗവിന് കൂറ്റന്‍ ജയമൊരുക്കിയത്. 70 പന്തിലാണ് ഡികോക്ക് 140 റണ്‍സ് നേടിയത്.