ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍; അഹ്മദാബാദില്‍ ഇന്ന് റോയല്‍ പോര്
നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
അഹ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്ക് നേര്‍. ക്വാളിഫയറിലെ വിജയി ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. അഹ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. ഇരുവരും ഐപിഎല്ലില്‍ 27 തവണ നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ 13 തവണ ജയം ആര്‍സിബിക്കൊപ്പവും 11 തവണ ജയം ആര്‍ആറിനൊപ്പവുമായിരുന്നു. മൂന്ന് മല്‍സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു.
ഫഫ് ഡു പ്ലിസ്സിസ്, ദിനേശ് കാര്‍ത്തിക്ക്, രജത് പട്യാദര്‍ , ഗ്ലെന്‍ മാക്‌സ് വെല്‍, വനിന്ദു ഹസരന്‍ങ്ക, ജോഷ് ഹാസല്‍വുഡ് എന്നിവരാണ് ബാംഗ്ലൂര്‍ പ്രതീക്ഷ.ഒരിക്കലും കിരീടം നേടാത്ത ആര്‍സിബിക്ക് ഇത്തവണ ഇതിനുള്ള അവസരം അടുത്തെത്തിയിരിക്കുകയാണ്. മികച്ച ഫോമിലുള്ള ആര്‍സിബിയെ മെരുക്കാന്‍ മലയാളി ക്യാപ്റ്റന്‍ സഞ്ജുവും ടീമും തയ്യാറാണ്.
സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ തന്നെയാണ് ആര്‍ആറിന്റെ തുരുപ്പ് ചീട്ടുകള്‍. രാജസ്ഥാന്‍ നിരയില്‍ പരിക്കിന്റെ ആശങ്കയില്ല. എന്നാല്‍ ബാംഗ്ലൂരിന് ഹര്‍ഷല്‍ പട്ടേലിന്റെ പരിക്കില്‍ ആശങ്കയുണ്ട്. ക്യാപ്റ്റന്‍സിയില്‍ സഞ്ജു മുന്നിട്ട് നില്‍ക്കുമ്പോള്‍ ഫഫ് ഡു പ്ലിസ്സിസിന് ഇത് തിരിച്ചടിയാണ്. ഇരുടീമും നിര്‍ഭാഗ്യത്തിന് പേര് കേട്ടവരാണ്. ഭാഗ്യം ഏത് റോയല്‍ ടീമിന് ഫൈനലിലേക്ക് അയക്കുമെന്ന് കാത്തിരുന്ന് കാണാം.