ലോകകപ്പ് ടെസ്റ്റ് ഡ്രൈവ് ദുബയില്‍; ഐപിഎല്‍; രണ്ടാം പാദത്തിന് ഇന്ന് തുടക്കം
ഷാര്‍ജയും ദുബായും ലോകകപ്പ് വേദികളായതിനാല്‍ താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ ഇവിടെ പുറത്തെടുക്കും.
ദുബയ്: ഐപിഎല്‍ 2021 സീസണിന്റെ രണ്ടാം പാദ മല്‍സരങ്ങള്‍ക്ക് ഇന്ന് ദുബായില്‍ തുടക്കമാവും. അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുളള റിഹേഴ്‌സലായാണ് താരങ്ങള്‍ ടൂര്‍ണ്ണമെന്റിനെ കണക്കാക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ടൂര്‍ണ്ണമെന്റാണ് വീണ്ടും തുടരുന്നത്. 144 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ടാം പാദം അരങ്ങേറുന്നത്. കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്റ് ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഷാര്‍ജയും ദുബായും ലോകകപ്പ് വേദികളായതിനാല്‍ താരങ്ങള്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ തന്നെ ഇവിടെ പുറത്തെടുക്കും. കാണികള്‍ക്ക് പ്രവേശനമുള്ളതിനാല്‍ മല്‍സരങ്ങള്‍ തീപ്പാറും. 30 മല്‍സരങ്ങളാണ് ശേഷിക്കുന്നത്. 27 ദിവസങ്ങള്‍ കൊണ്ട് മല്‍സരങ്ങള്‍ അവസാനിക്കും. ആദ്യപാദ മല്‍സരങ്ങള്‍ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സും രണ്ട് തവണ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഇന്ന് ആദ്യ മല്‍സരത്തിന് ഇറങ്ങുന്നത്.