സ്വിങുകളുടെ തമ്പുരാന്‍ ഇര്‍ഫാന്‍ പത്താന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കാനുള്ള തീരുമാനം 35കാരനായ ഇര്‍ഫാന്‍ പ്രഖ്യാപിച്ചത്.
മുംബൈ: മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്ത പ്രത്യേക തത്സമയ പരിപാടിയിലാണ് വിരമിക്കാനുള്ള തീരുമാനം 35കാരനായ ഇര്‍ഫാന്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നാണ് പേസും സ്വിങ്ങുകളുമായി വാണ ഇന്ത്യയുടെ മുന്‍ ഇടംകയ്യന്‍ പേസറുടെ പ്രഖ്യാപനം. ഇന്ത്യയ്ക്കായി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഇര്‍ഫാന്‍ പത്താന്‍. 301 രാജ്യാന്തര വിക്കറ്റുകളാണ് ഇര്‍ഫാന്‍ പത്താന്‍ വീഴ്ത്തിയത്.
2003ല്‍ 19ാം വയസ്സില്‍ ആസ്‌ത്രേലിയക്കെതിരേ അഡ്‌ലെയ്ഡിലായിരുന്നു ഇര്‍ഫാന്റെ അരങ്ങേറ്റം. 160 റണ്‍സ് വഴങ്ങി വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം. ആദ്യ ഇര മാത്യൂ ഹെയ്ഡനായിരുന്നു. പ്രതാപകാലത്ത് പാക് ഇതിഹാസ താരം വസീം അക്രവുമായാണ് ഇര്‍ഫാന്‍ പത്താന്‍ താരതമ്യം ചെയ്യപ്പെട്ടത്. ഇക്കാലത്ത് വശ്യമനോഹരമായ സ്വിങുകള്‍ക്കൊണ്ട് ക്രിക്കറ്റ് ലോകത്തെ അദ്ദേഹം വിസ്മയിപ്പിച്ചു.
2006ലെ കറാച്ചി ടെസ്റ്റില്‍ ആദ്യ ദിനം ആദ്യ ഓവറില്‍ ത്രസിപ്പിക്കുന്ന ഹാട്രിക്ക് കുറിച്ചതാണ് താരത്തിന്റെ കരിയറിലെ ചരിത്ര മുഹൂര്‍ത്തങ്ങളിലൊന്ന്. അന്നത്തെ ആദ്യ ഓവറില്‍ സല്‍മാന്‍ ബട്ട്, യൂനിസ് ഖാന്‍, മുഹമ്മദ് യൂസഫ് എന്നിവരെ പഠാന്‍ പറഞ്ഞയക്കുമ്പോള്‍ പാകിസ്താന്റെ നില മൂന്നു വിക്കറ്റിന് പൂജ്യം റണ്‍സായിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബൗളറും ആദ്യ ഓവറില്‍ ഹാട്രിക് നേട്ടം കൈവരിച്ചിട്ടില്ല. 2007 ലെ പ്രഥമ ട്വന്റി20 ലോകകപ്പിലും ഇന്ത്യയുടെ കുന്തമുനയായിരുന്നു ഇര്‍ഫാന്‍ പഠാന്‍.
ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫൈനലില്‍ പാകിസ്താനെതിരെ പത്താന്‍ എറിഞ്ഞ മാന്ത്രിക സ്‌പെല്‍ ഇന്ത്യന്‍ ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഇന്ത്യ വളര്‍ത്തിയെടുത്ത മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു ഇര്‍ഫാന്‍. ഓപ്പണറായും, മൂന്നാം നമ്പറിലും പത്താന്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങി.
ടെസ്റ്റില്‍ 31.57 ആണ് പഠാന്റെ ബാറ്റിങ് ശരാശരി. അക്കൗണ്ടിലുള്ളത് ഒരു സെഞ്ചുറിയും ആറ് അര്‍ധ ശതകങ്ങളും. ആസ്‌ത്രേലിയയ്‌ക്കെതിരേ പെര്‍ത്തിലാണ് ഇര്‍ഫാന്‍ പത്താന്റെ ഓള്‍ റൗണ്ട് മികവ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ തുണച്ചത്. അന്ന് ഇന്ത്യയുടെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച് മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയാണ് മടങ്ങിയത്.
2008ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇര്‍ഫാന്‍ പത്താന്‍ അവസാനമായി കളിച്ചത്. 2012ല്‍ അവസാന ഏകദിനവും. ഡൊമസ്റ്റിക് ക്രിക്കറ്റിലും മികവ് കാണിക്കാന്‍ സാധിക്കാതെ വന്നു. ഒടുവില്‍ ബറോഡയില്‍ നിന്ന് വിട്ട് ജമ്മു കശ്മീര്‍ ക്രിക്കറ്റിനെ വളര്‍ത്തിയെടുക്കുന്ന ചുമതലയേറ്റെടുത്തു. 2017 സീസണിലാണ് പഠാന്‍ അവസാനമായി ഐപിഎല്ലും കളിച്ചത്. നിലവില്‍ ജമ്മു കശ്മീര്‍ ടീമിന്റെ പരിശീലകനും മെന്‍ഡറുമാണ് ഇര്‍ഫാന്‍ പത്താന്‍.