ഐപിഎല്‍; ചെന്നൈയ്‌ക്കെതിരേ കൊല്‍ക്കത്ത പൊരുതി തോറ്റു

ചെന്നൈ സൂപ്പര്‍ കിങ്‌സിന് 18 റണ്‍സിന്റെ ജയം

Update: 2021-04-21 18:14 GMT


മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 18 റണ്‍സിന്റെ ജയം. അവസാനം വരെ പൊരുതിയാണ് കൊല്‍ക്കത്ത തോല്‍വി അടിയറവു പറഞ്ഞത്. കമ്മിന്‍സ് (66*), റസ്സല്‍ (54), ദിനേശ് കാര്‍ത്തിക്ക് (40) എന്നിവര്‍ മിന്നും പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ജയം കൈവിടുകയായിരുന്നു. മുന്‍നിര പാടെ തകര്‍ന്നതിന് ശേഷമാണ് മൂവരും കൊല്‍ക്കത്തയ്ക്കായി പൊരുതിയത്. 31-5 എന്ന നിലയില്‍ തകര്‍ന്ന കൊല്‍ക്കത്തയെ കമ്മിന്‍സ് ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. 34 പന്തില്‍ ആറ് സിക്‌സും നാല് ഫോറും അടങ്ങുന്നതാണ് കമ്മിന്‍സിന്റെ ഇന്നിങ്‌സ്.ഒരു വശത്ത് കമ്മിന്‍സ് നിലയുറപ്പിച്ചിട്ടും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയായി. 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും നേടിയാണ് റസ്സല്‍ 54 റണ്‍സ് നേടിയത്. 22 പന്തില്‍ നിന്നാണ് കാര്‍ത്തിക്ക് 40 റണ്‍സ് നേടിയത്. അഞ്ച് പന്ത് ശേഷിക്കെ 202 റണ്‍സില്‍ കൊല്‍ക്കത്താ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ചെന്നൈയ്ക്കായി ദീപക് ചാഹര്‍ നാലും എന്‍ഗിഡി മൂന്നും വിക്കറ്റ് നേടി.


ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ് (64), ഫഫ് ഡു പ്ലിസ്സിസ് (95) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ചെന്നൈയെ ബാറ്റിങിനയക്കുകയായിരുന്നു. 42 പന്തിലാണ് ഗെയ്ക്ക്‌വാദിന്റെ ഇന്നിങ്‌സ്. 60 പന്തിലാണ് ഫഫ് ഡു പ്ലിസ്സിസ് 95 റണ്‍സെടുത്ത് പുറത്താവാതെ നിന്നത്. മോയിന്‍ അലി 25 റണ്‍സെടുത്തപ്പോള്‍ ധോണി ഇന്ന് 17 റണ്‍സെടുത്ത് പുറത്തായി.


കൊല്‍ക്കത്താ നിരയില്‍ കമേലഷ് നാഗര്‍കോട്ടിയും സുനില്‍ നരേയ്‌നും ഇന്നിറങ്ങി. ഹര്‍ഭജന്‍ സിങും ഷാഖിബുള്‍ ഹസ്സനും പകരമായാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. ചെന്നൈയ്ക്കായി ദക്ഷിണാഫ്രിക്കന്‍ പേസ് താരം ലുംഗി എന്‍ഗിഡി കളിക്കും. വിന്‍ഡീസ് താരം ബ്രാവോയ്ക്ക് പകരമാണ് എന്‍ഗിഡി ടീമിലെത്തിയത്.




Tags:    

Similar News