വരുണും സുയേഷും എറിഞ്ഞിട്ടു; ആര്‍സിബി ചാരം; ഈഡനില്‍ റൈഡേഴ്‌സ് ഷോ

29 പന്തില്‍ നിന്നാണ് ഠാക്കൂര്‍ 68 റണ്‍സ് നേടിയത്.

Update: 2023-04-06 18:07 GMT

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ഫോമിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 81 റണ്‍സിനാണ് കെ കെ ആര്‍ തകര്‍ത്തത്. 205 എന്ന കൂറ്റന്‍ ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സ് ആര്‍സിബിക്ക് മുന്നില്‍ വച്ചത്. എന്നാല്‍ 17.4 ഓവറില്‍ 123 റണ്‍സിന് ബാംഗ്ലൂര്‍ കൂടാരം കയറി. ഹോം ഗ്രൗണ്ടായ ഈഡനില്‍ വരുണ്‍ ചക്രവര്‍ത്തിയും (നാല് വിക്കറ്റ്), സുയേഷ് ശര്‍മ്മയും (മൂന്ന് വിക്കറ്റ്) നരേയ്‌നും (രണ്ട് വിക്കറ്റ്) ചേര്‍ന്ന് ആര്‍സിബി ബാറ്റ്‌സ്മാന്‍മാരെ ചുരുട്ടികെട്ടുകയായിരുന്നു. കോഹ്ലി (21), ഫഫ് ഡുപ്ലിസ്സിസ്സ് (23), ബ്രേസ് വെല്‍ (19), വില്ലേ (20) എന്നിവരാണ് ബെംഗളൂരു നിരയില്‍ രണ്ടക്കം കടന്നവര്‍.


 

ഇന്ന് ടോസ് നേടിയ ബാംഗ്ലൂര്‍ കെകെആറിനെ ബാറ്റിങിനയക്കുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ അഫ്ഗാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ് 57 റണ്‍സെടുത്ത് കെകെആറിന് മികച്ച തുടക്കം നല്‍കി. പിന്നീട് ഞൊടിയിടയില്‍ കൊല്‍ക്കത്തയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് റിങ്കു സിങും( 46) ശ്രാദ്ധുല്‍ ഠാക്കൂറും (68) ചേര്‍ന്ന് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കുകയായിരുന്നു. 29 പന്തില്‍ നിന്നാണ് ഠാക്കൂര്‍ 68 റണ്‍സ് നേടിയത്.




Tags:    

Similar News