ദക്ഷിണാഫ്രിക്കന്‍ ടീമില്‍നിന്ന് പലതവണ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ട്: എന്‍ടീനി
2009ല്‍ ടീമില്‍നിന്നും വിരമിച്ച 43കാരനായ എന്‍ടീനി ദക്ഷിണാഫ്രിക്കന്‍ ടീമിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരുന്നു. സഹതാരങ്ങള്‍തന്നെ നിരവധി തവണ വംശീയമായി അധിക്ഷേപിച്ചിട്ടുണ്ട്.
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് നിരവധി തവണ വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് മുന്‍ ബൗളര്‍ മഖായ എന്‍ടീനി. ബ്ലാക്ക് ലൈഫ്സ് മാറ്ററിന് ഐക്യദാര്‍ഢ്യം നല്‍കികൊണ്ടാണ് എന്‍ടീനി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ താന്‍ അനുഭവിക്കപ്പെട്ട വര്‍ണവെറി വെളിപ്പെടുത്തിയത്. 2009ല്‍ ടീമില്‍നിന്നും വിരമിച്ച 43കാരനായ എന്‍ടീനി ദക്ഷിണാഫ്രിക്കന്‍ ടീമിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരുന്നു. സഹതാരങ്ങള്‍തന്നെ നിരവധി തവണ വംശീയമായി അധിക്ഷേപിച്ചിട്ടുണ്ട്.
എന്നാല്‍, താന്‍ ആര്‍ക്കെതിരേയും പരാതി നല്‍കിയിട്ടില്ല. ഹോട്ടല്‍ റൂമുകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പോവുമ്പോള്‍ സഹതാരങ്ങള്‍ തന്നെ വിളിക്കാറില്ലായിരുന്നു. എല്ലാവരും പരസ്പരം വിളിച്ചാണ് പോവാറുള്ളത്. പ്രഭാത ഭക്ഷണം കഴിക്കുമ്പോള്‍ തന്റെ അടുത്ത് ആരും വന്നിരിക്കാറില്ല-എന്‍ടീനി പറഞ്ഞു. ജയിച്ചാല്‍ അത് ടീം വര്‍ക്കും തോറ്റാല്‍ കുറ്റം തന്റെ പേരിലുമാണ്. ടീം ഒന്നടങ്കം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ഒരു നോക്കുകുത്തിയായി നില്‍ക്കാന്‍ മാത്രമാണ് തനിക്ക് കഴിഞ്ഞത്.
ടീം ബസ്സില്‍ യാത്രചെയ്യുമ്പോള്‍ തന്റെ അടുത്ത് ആരും ഇരിക്കാന്‍ വരില്ല. താന്‍ പിന്നിലാണെങ്കില്‍ എല്ലാവരും മുന്നിലായിരിക്കും. അതിനാല്‍, പലപ്പോഴും ടീം ബസ്സിലെ യാത്ര ഒഴിവാക്കും. ഞാന്‍ ഓടിയാണ് ഗ്രൗണ്ടിലെത്താറുള്ളത്. ഞങ്ങള്‍ ഒരേ ജേഴ്സിയില്‍ ഉള്ളവരാണ്. ഒരേ ദേശീയഗാനം ആലപിക്കുന്നവരാണ്. എന്നാല്‍തന്നെ എല്ലായിപ്പോഴും അവര്‍ ഒറ്റപ്പെടുത്തുമായിരുന്നുവെന്നും എന്‍ടീനി പറയുന്നു. തന്റെ മകന്‍ താണ്ടോയ്ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടെസ്റ്റില്‍ 390 വിക്കറ്റ് നേടിയ താരം പറഞ്ഞു. അണ്ടര്‍ 19 ടീമിലുള്ള മകന്‍ അധിക്ഷേപം കാരണം നിരവധിതവണ കളിക്കാന്‍ പോവാതിരുന്നിട്ടുണ്ടെന്നും എന്‍ടീനി പറയുന്നു.
ഏകദിനത്തില്‍ 226 വിക്കറ്റാണ് എന്‍ടീനി നേടിയത്. ബ്ലാക്ക് ലൈവ്സ് മാറ്ററിനെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഇപ്പോഴത്തെ താരങ്ങളുമടക്കം 30 പേര്‍ പിന്‍തുണച്ചിരുന്നു. ടീമിലെ അംഗമായ ലുങ്കി എന്‍ഗിഡി ബ്ലാക്ക് ലൈവ്സ് മാറ്ററിനെ പിന്തുണച്ചതിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു. വിമര്‍ശനത്തെ തുടര്‍ന്നാണ് മറ്റ് താരങ്ങളും ക്യാപയിനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഹെര്‍ഷല്‍ ഗിബ്സ്, വെര്‍നോണ്‍, ഹിലാന്‍ഡര്‍, പോള്‍ ആഡംസ്, ആഷ് വെല്‍ പ്രിന്‍സ്, ജെപി ഡുമിനി എന്നിവരാണ് ക്യാംപയിനിനെ പിന്‍തുണച്ചത്. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലിസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ലോകത്താകമാനം ക്യാംപയിനിന് തുടക്കമായത്.