'അടിവസ്ത്രം വരെ ഊരി പരിശോധന, മലപ്പുറവും സലിം എന്ന പേരും അവര്‍ക്ക് പ്രശ്‌നം'; വിമാനത്താവളത്തിലെ ദുരനുഭവം പങ്കുവച്ച് ഗായകന്‍ സലിം കോടത്തൂര്‍
മലപ്പുറം: വിമാനത്താവളത്തില്‍ നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തി മാപ്പിളപ്പാട്ട് ഗായകന്‍ സലിം കൊടത്തൂര്‍. മലപ്പുറം ജില്ലക്കാരനായതും സലിം എന്ന പേരിന്റെ ഉടമയും ആയതിന്റെ പേരില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക പരിശോധനയാണ് വിമാനത്താവളത്തില്‍ തനിക്കുണ്ടായതെന്നും തന്റെ അടിവസ്ത്രം വരെ അഴിച്ച് പരിശോധിച്ചെന്നും സലിം പറയുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് സലിം വിമാനത്താവളത്തിലെ മോശം അനുഭവം വിവരിക്കുന്നത്. പാസ്‌പോര്‍ട്ട് നോക്കിയ ശേഷം ബാഗ് പരിശോധിക്കണമെന്ന് പറഞ്ഞ് ബാഗ് തുറന്നു. ഇതിന് പിന്നാലെ നിങ്ങളെ വിശദമായി പരിശോധിക്കണമെന്നും അറിയിച്ചു.
ലപ്പുറത്തുകാരനായിട്ട് എന്തിനാണ് കൊച്ചിയില്‍ വന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. അടിവസ്ത്രം പോലും ഊരി പരിശോധിച്ചു. മലപ്പുറം ജില്ലക്കാര്‍ ആരെങ്കിലും തെറ്റുചെയ്തുവെന്ന് കരുതി എല്ലാ മലപ്പുറംകാരനെയും അങ്ങനെ കാണണോ എന്നാണ് സലിം കൊടത്തൂര്‍ ചോദിക്കുന്നത്. സാധാരണ പൗരന്റെ പരിഗണന ലഭിക്കാന്‍ പേരും ജില്ലയും മാറ്റണോ ?. ജില്ല മാറാനോ പേര് മാറ്റാനോ തനിയ്ക്ക് പറ്റില്ല. ജോലിയുടെ കാര്യം പറഞ്ഞും ചെയ്ത വര്‍ക്കുകള്‍ കാണിച്ചും തന്നെ മാനസികമായി പീഡിപ്പിച്ചു. പോവുമ്പോള്‍ ഇത്തരം ചോദ്യങ്ങളുണ്ടാവാറുണ്ട്. എന്നാല്‍, തിരികെ വരുമ്പോള്‍ ഇത് അധികമാണെന്ന് സലിം പറഞ്ഞു.
തന്റെ പേരാണ് അവര്‍ക്ക് പ്രശ്‌നം. എന്തുകൊണ്ടാണ് മാസം പലതവണ യാത്ര ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. മലപ്പുറം ജില്ലക്കാരനായതുകൊണ്ടും പേര് സലിം എന്നായത് കൊണ്ടുമാണ് ചോദ്യം ചെയ്യപ്പെടാന്‍ കാരണമെന്നാണ് മനസ്സിലാക്കുന്നതെന്ന് സലിം വ്യക്തമാക്കി. മണിക്കൂറുകളോളം എയര്‍പോര്‍ട്ടില്‍ പടിച്ചിരുത്തിയ ശേഷവും പരിശോധനയ്ക്ക് ശേഷവും ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോള്‍ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു അവരുടെ മറുപടിയെന്നും സലിം പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
രണ്ട് മൂന്ന് തവണ തനിക്ക് ഈ അനുഭവമായി. ഇന്നലെ അടിവസ്ത്രം വരെ അഴിപ്പിച്ച് പരിശോധിച്ചു. മണിക്കൂറുകളോളം കള്ളനെ പോലെ മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കേണ്ടിവരിക. ഇത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാവൂ. ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്റെ ഡ്യൂട്ടി ചെയ്യുകയാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. 'മലപ്പുറം ജില്ലയും സലിം എന്നപേരും ..എയര്‍പോര്‍ട്ടിലുള്ള ചിലര്‍ക്ക് പിടിക്കുന്നില്ല ..പാസ്‌പോര്‍ട്ടിലെ പേരുനോക്കി പ്രത്യക സ്‌കാനിങ് ..അടിവസ്ത്രം വരെ ഊരി പരിശോധിച്ചാലെ തൃപ്തി വരുന്നുള്ളൂ ..ഞാന്‍ ജില്ല മാറ്റണോ പേരുമാറ്റണോ എന്ന സംശയത്തിലാണ്' സലിം കോടത്തൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാലാണ് ലൈവില്‍ വന്ന് കാര്യങ്ങള്‍ പറയുന്നതെന്നും സലിം വിശദീകരിക്കുന്നു.