നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു

Update: 2023-03-04 04:06 GMT

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വേനല്‍ക്കാല വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 1484 പ്രതിവാര സര്‍വീസുകളാണ് പട്ടികയിലുള്ളത്. ഈ മാസം 26 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് പുതിയ സര്‍വീസുകളുടെ കാലാവധി. 332 രാജ്യാന്തര സര്‍വീസുകളും 410 ആഭ്യന്തര സര്‍വീസുകളുമാണ് വേനല്‍ക്കാല പട്ടികയിലുള്ളത്. നിലവിലുള്ള ശീതകാല പട്ടികയില്‍ ആഴ്ചയില്‍ ആകെ 1202 സര്‍വീസുകളാണുള്ളത്. അന്താരാഷ്ട്ര സെക്ടറില്‍ 23ഉം ആഭ്യന്തര സെക്ടറില്‍ എട്ടും എയര്‍ലൈനുകളാണ് സിയാലില്‍ സര്‍വീസ് നടത്തുന്നത്.

കൂടുതല്‍ പ്രതിവാര രാജ്യാന്തര സര്‍വീസുകളുളളത് അബൂദബിയിലേക്കാണ്- 51. രണ്ടാമതായി ദുബയിയാണ്. 45 സര്‍വീസുകളാണ് ദുബയിലേക്ക് കൊച്ചിയില്‍ നിന്നുള്ളത്. ഇന്‍ഡിഗോയുടെ 63, എയര്‍ ഇന്ത്യ എക്‌സ്പ്രസ് 44, സ്‌പൈസ് ജെറ്റ്- 21 എയര്‍ അറേബ്യ അബൂദബി- 20, എയര്‍ അറേബ്യ- 14, എമിറേറ്റ്‌സ് എയര്‍ 14, എത്തിഹാദ് എയര്‍- 14 ഉം സര്‍വീസുകളുണ്ടാവും. എയര്‍ അറേബ്യ അബൂദബി ആഴ്ചയില്‍ 10 അധിക സര്‍വീസുകളും എയര്‍ ഏഷ്യ ബര്‍ഹാദ് ക്വാലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സര്‍വീസുകളും അധികമായി ആരംഭിക്കും. സ്‌പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും ഇന്‍ഡിഗോ ദമ്മാമിലേക്കും ബഹ്‌റൈനിലേക്കും പ്രതിദിന അധിക വിമാന സര്‍വീസുകള്‍ നടത്തും. എയര്‍ ഇന്ത്യ യുകെ വിമാന സര്‍വീസ് ലണ്ടനിലേക്ക് മാറ്റിയിട്ടുണ്ട്.

പ്രതിവാര ആഭ്യന്തര സര്‍വീസുകളില്‍ ബംഗലൂരുവിലേക്ക് 131, മുംബൈയിലേക്ക് 73, ഡല്‍ഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഹമ്മദാബാദ്, ഗോവ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളിലേക്ക് 7 സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇന്‍ഡിഗോ എന്നിവ ഹൈദരാബാദിലേക്കും പ്രതിദിന അധിക സര്‍വീസുകള്‍ ആരംഭിക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളം എന്ന നിലയില്‍ വലിയ മാറ്റങ്ങള്‍ക്കായി സിയാല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.

Tags:    

Similar News