ഐ പി എല്‍ കൊട്ടിക്കലാശം ഇന്ന്; അഞ്ചാം കിരീടത്തിനായി മുംബൈ ഡല്‍ഹിക്കെതിരേ

ഈ സീസണില്‍ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു.

Update: 2020-11-10 07:28 GMT


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 13ാം സീസണ് ഇന്ന് ദുബായില്‍ അവസാനം. ഫൈനല്‍ പോരാട്ടത്തില്‍ നാല് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ഏറ്റുമുട്ടുന്നത്. ഈ സീസണില്‍ മൂന്ന് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈയ്‌ക്കൊപ്പമായിരുന്നു. രോഹിത്ത് ഒഴികെയുള്ളവര്‍ മികച്ച ഫോമിലാണുള്ളത്. ഇത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ നിര്‍ണ്ണായക മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഫോമിലേക്ക് വരുന്ന ഡല്‍ഹി ഇന്ന് നിലവിലെ ചാംപ്യന്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്തിയേക്കും. ഡല്‍ഹിയുടെ ധവാനും സ്‌റ്റോണിസും മികച്ച ഫോമിലാണ്. എന്നാല്‍ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുടെ ഫോമിലായ്മ ഡല്‍ഹിക്ക് തിരിച്ചടിയാണ്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ഫോമിലായതും ഡല്‍ഹിക്ക് ഗുണം ചെയ്യും. കഗിസോ റബാദയുടെ ബൗളിങ് ഡല്‍ഹിക്ക് മുതല്‍ കൂട്ടാണ്. എന്നാല്‍ ആന്റിച്ച് നോര്‍റ്റെയുടെ മോശം ഫോമും ഡല്‍ഹിക്ക് തിരിച്ചടിയാണ്.


മുംബൈ നിരയില്‍ ആവട്ടെ ക്വിന്റണ്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കിറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. നിര്‍ണ്ണായക മല്‍സരത്തില്‍ ഫോം വീണ്ടെടുക്കാനുള്ള കരുത്തും മുംബൈയിലെ ഓരോ താരത്തിനും ഉണ്ട്. ബൗളിങില്‍ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് അവരുടെ പ്രതീക്ഷ. ബോള്‍ട്ട് പരിക്കിന്റെ പിടിയിലാണ്. അന്തിമ ഇലവന്‍ പ്രഖ്യാപിച്ചിട്ടില്ല. ഹാര്‍ദ്ദിക്ക് പാണ്ഡെ ഇന്ന് മുംബൈയ്ക്കായി പന്തെറിഞ്ഞേക്കും. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മല്‍സരം. അഞ്ചാം കിരീടം നേടുമെന്ന് ഉറച്ചാണ് മുംബൈ ഇന്നിറങ്ങുക. എന്നാല്‍ കിരീടം നേടാന്‍ വേണ്ടി മാത്രമാണ് ദുബായിലെത്തിയതെന്ന് ഡല്‍ഹി കോച്ച് റിക്കി പോണ്ടിങും വ്യക്തമാക്കി.






Tags:    

Similar News