476 സിക്സുകള്‍ നേടിയ പാകിസ്താന്റെ ഷാഹിദ് അഫ്രീദി മൂന്നാം സ്ഥാനത്താണ്. ഗെയ്ലും അഫ്രീദിയും വിരമിച്ചതിനാല്‍ അടുത്തൊന്നും മറ്റൊരു താരവും രോഹിത്തിന്റെ റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നില്ല. അതുകൊണ്ടുതന്നെ ഏറെക്കാലം ഈ റെക്കോഡിലെ ഒന്നാമനായി വാഴാന്‍ രോഹിത്തിന് സാധിച്ചേക്കും. ഓസീസിനെതിരേ ഡെക്കായ രോഹിത് അഫ്ഗാനിസ്ഥാനെതിരേ 10 ഓവറിന് മുമ്പ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ഏകദിന ലോകകപ്പില്‍ ആദ്യത്തെ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്താനെതിരേ 10 ഓവറിനുള്ളില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. ഓസീസിനെതിരേ നിരാശപ്പെടുത്തിയ പ്രകടനത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറി നേടിയ രോഹിത് നിലവില്‍ ആറ് സെഞ്ച്വറികളുമായി സച്ചിനൊപ്പം തലപ്പത്തായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ സെഞ്ച്വറിയോടെ ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ലോകകപ്പിലെ രോഹിത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്. വെറും 3 ലോകകപ്പില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടമെന്നതാണ് എടുത്തു പറയേണ്ടത്.
അനായാസം സിക്സര്‍ പറത്തുന്ന രോഹിത്തിന്റെ മികവാണ് എടുത്തു പറയേണ്ടത്. ക്രീസില്‍ നിന്നിടത്തുനിന്ന് സിക്സര്‍ പറത്താന്‍ പോലും അനായാസം ഹിറ്റ്മാന് സാധിക്കുന്നു. കൂടാതെ ഏകദിന ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി മാറാനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. 19 ഇന്നിങ്സില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. 20 ഇന്നിങ്സില്‍ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട സച്ചിന്‍ ടെണ്ടുല്‍ക്കറെയാണ് രോഹിത് പിന്നിലാക്കിയത്.
19 ഇന്നിങ്സില്‍ നിന്ന് തന്നെ ഈ നേട്ടത്തിലേക്കെത്തിയ ഓസീസിന്റെ ഡേവിഡ് വാര്‍ണറും ഹിറ്റ്മാനൊപ്പം തലപ്പത്തുണ്ട്. 2002ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഏകദിന പവര്‍പ്ലേയില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും രോഹിത് ശര്‍മ സ്വന്തം പേരിലാക്കി. 76 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ റോബിന്‍ ഉത്തപ്പ നേടിയ 70 റണ്‍സിന്റെ റെക്കോഡിനെയാണ് രോഹിത് മറികടന്നത്.
2003ല്‍ സച്ചിന്‍ പാകിസ്താനെതിരേ 60 റണ്‍സും സെവാഗ് 2008ല്‍ ശ്രീലങ്കയ്ക്കെതിരേ 60 റണ്‍സും പവര്‍പ്ലേയ്ക്കുള്ളില്‍ നേടിയിട്ടുണ്ട്. ഏകദിന ലോകകപ്പിലെ ഇന്ത്യക്കാരന്റെ വേഗ സെഞ്ച്വറിയും രോഹിത് സ്വന്തം പേരിലാക്കി. 63 പന്തിലാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 72 പന്തില്‍ സെഞ്ച്വറി നേടിയ കപില്‍ ദേവിന്റെ റെക്കോഡാണ് രോഹിത് പഴങ്കഥയാക്കിയത്.
ഏകദിന ലോകകപ്പിലെ വേഗ ഫിഫ്റ്റി നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡില്‍ രോഹിത് രണ്ടാം സ്ഥാനത്തേക്കെത്തി. 32 പന്തില്‍ ഫിഫ്റ്റി നേടിയ സന്ദീപ് പാട്ടീലിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്. 30 പന്തിലാണ് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 26 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ സച്ചിനാണ് തലപ്പത്ത്. സച്ചിന്‍ ഏകദിന ലോകകപ്പില്‍ ആറ് സെഞ്ച്വറിയിലേക്കെത്താന്‍ 44 ഇന്നിങ്സാണ് കളിച്ചത്. എന്നാല്‍ വെറും 19 ഇന്നിങ്സില്‍ നിന്നാണ് രോഹിത് 7 സെഞ്ച്വറി അടിച്ചെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്.