ആര്‍സിബിയെ 34 റണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സിന്റെ തിരിച്ചുവരവ്
മൂന്ന് വിക്കറ്റ് നേടിയ ബ്രാര്‍ ഒരു ക്യാച്ച് കൊണ്ടും ഇന്ന് തിളങ്ങി.
അഹ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ തിരിച്ചടി നല്‍കി പഞ്ചാബ് കിങ്‌സ്. കരുത്തരായ ആര്‍സിബിയെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് കിങ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. 180 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച ബാംഗ്ലൂരിനെ 145 റണ്‍സിലൊതുക്കിയാണ് പഞ്ചാബ് വിജയമാഘോഷിച്ചത്. പഞ്ചാബിനായി ആദ്യമായിറങ്ങിയ ഹര്‍പ്രീത് ബ്രാറിന്റെ പ്രകടനമാണ് ഇന്ന് അവര്‍ക്ക് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ ബ്രാര്‍ ഒരു ക്യാച്ച് കൊണ്ടും ഇന്ന് തിളങ്ങി. നേരത്തെ 25 റണ്‍സ് നേടി ബാറ്റ് കൊണ്ടും ബ്രാര്‍ കഴിവ് തെളിയിച്ചിരുന്നു.
മികച്ച താരനിരയുള്ള ആര്‍സിബിയില്‍ കോഹ്‌ലി(35), പട്ട്യാദര്‍ (31), ഹര്‍ഷല്‍ പട്ടേല്‍ (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. ദേവ്ദത്ത് പടിക്കല്‍ (7), മാക്‌സ് വെല്‍(0), ഡിവില്ലിയേഴ്‌സ് എന്നിവര്‍ പെട്ടെന്ന് പുറത്തായി. രവി ബിഷ്‌ണോയി പഞ്ചാബിനായി രണ്ട് വിക്കറ്റ് നേടി. സ്‌കോര്‍ ആര്‍സിബി-145-8
ടോസ് ലഭിച്ച കോഹ്‌ലി പഞ്ചാബിനെ ബാറ്റിങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ 91* റണ്‍സിന്റെ മികവിലാണ് പഞ്ചാബ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തില്‍ അഞ്ച് സിക്‌സും ഏഴു ഫോറുമാണ് രാഹുല്‍ നേടിയത്. രാഹുലിന് തുണയായി യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും നിലയുറപ്പിച്ചു. 24 പന്തിലാണ് ഗെയ്ല്‍ 46 റണ്‍സ് നേടിയത്. സ്‌കോര്‍ 179-5.ജയത്തോടെ പഞ്ചാബ് മൂന്ന് ജയവുമായി പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തെത്തി. ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്.