നോട്ടിങ്ഹാം: ലോകകപ്പില്‍ ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുന്നു. ഋഷഭിനോട് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് എത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
മികച്ച ഫോമിലുള്ള ഋഷഭ് പന്തിന് ലോകകപ്പില്‍ പരിചയക്കുറവുണ്ടെന്ന് കാണിച്ചായിരുന്നു ബിസിസിഐ നേരത്തെ ടീമിന് പുറത്തിരുത്തിയത്. അജിങ്ക്യാ രഹാനെ, അമ്പാട്ടി റായിഡു, ശ്രേയസ് അയ്യര്‍ എന്നിവരായിരുന്നു ഋഷഭിന് പുറമെ ധവാന് പകരം പരിഗണിച്ചിരുന്നവര്‍. ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ എന്നിവര്‍ രഹാനെയ്ക്കു വേണ്ടി രംഗത്തെത്തിയിരുന്നു. അതിനിടെ പന്തിനെ ടീമിലെടുത്ത വാര്‍ത്ത സ്ഥിരീകരിക്കാത്തതാണെന്നു മറ്റൊരു ദേശീയ സെലക്ടര്‍ വൃക്തമാക്കി. പന്തോ രഹാനെയോ എന്ന കാര്യത്തില്‍ ടീം തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പന്ത് ടീമിലെത്തിയാല്‍ രാഹുലിനെ ഓപ്പണിങിലേക്ക് പരിഗണിച്ച് പന്തിനെ നാലാമതിറക്കാനാണ് സാധ്യത.
ഓസിസിനെതിരായ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ധവാന് കോള്‍ട്ടര്‍ െൈനലിന്റെ ബൗള്‍ ഇടത്തേ കൈവിരലിന് കൊണ്ടാണ് പരിക്കേറ്റത്. നീരുവന്ന കൈ പിന്നീട് പരിശോധിച്ചപ്പോള്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. താരത്തിന് മൂന്നാഴ്ചത്തെ വിശ്രമമാണ് ടീം ഫിസിയോ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ബിസിസിഐ അറിയിച്ചു. പരിക്ക് ഭേദമാവുന്ന പക്ഷം ധവാന്‍ ടീമിലേക്ക് തിരിച്ചുവരുമെന്ന് ബിസിസിഐ വ്യക്തമാക്കി. വ്യാഴ്ച ന്യൂസിലന്റിനെതിരേയാണ് ഇന്ത്യയുടെ മൂന്നാമത്തെ മല്‍സരം.