
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനം മഴയില്‍ മുങ്ങുമോയെന്ന ആശങ്കയില്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ന് കൊല്‍ക്കത്തയുള്‍പ്പടെയുള്ള ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച വൈകിട്ട് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പരിശീലനത്തിന് ഇറങ്ങിയെങ്കിലും മഴയെ തുടര്‍ന്ന് വേഗം മടങ്ങിയിരുന്നു. വൈകിട്ട് അഞ്ച് മണിക്കാണ് ബെംഗളൂരു പരിശീലനത്തിന് എത്തിയത്. ആറു മണിക്ക് മഴ പെയ്തതോടെ പരിശീലനം അവസാനിപ്പിച്ച് താരങ്ങളെല്ലാം ഹോട്ടലിലേക്കു പോയിരുന്നു.
മഴ തുടര്‍ന്നതോടെ ഗ്രൗണ്ട് പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച രാത്രി 7.30നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം. ബോളിവുഡ് നടി ദിഷ പടാനിയുടെ നൃത്തവും ഗായിക ശ്രേയ ഘോഷാല്‍ നയിക്കുന്ന സംഗീത പരിപാടിയും ടോസിനു മുന്‍പ് നടക്കും.
ആറു മണി മുതലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ശനിയാഴ്ച വൈകിട്ട് കൊല്‍ക്കത്തയില്‍ മഴ പെയ്താല്‍ ഉദ്ഘാടന മത്സരം തന്നെ വെള്ളത്തിലാകും. എന്നാല്‍ കുറച്ചുനേരം മഴ പെയ്താലും പെട്ടെന്നു മത്സരം ആരംഭിക്കാന്‍ സൗകര്യമുള്ള ഗ്രൗണ്ടാണ് കൊല്‍ക്കത്തയിലേത്. ഐപിഎല്‍ നിയമപ്രകാരം ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ഒരു മണിക്കൂര്‍ വരെ അധിക സമയമാണ് അനുവദിച്ചിട്ടുള്ളത്. മഴ കാരണം കളി വൈകിയാല്‍ അഞ്ചോവറാക്കി മത്സരം നിജപ്പെടുത്തും. മഴ കാരണം നൈറ്റ് റൈഡേഴ്‌സിന്റെ സന്നാഹ മത്സരം ഉപേക്ഷിച്ചിരുന്നു.