രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് റണ്‍ തോല്‍വി

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം പതിപ്പിലെ ആദ്യ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 20 ഓവറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
നേരത്തെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 36 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സറും സഹിതം 81 റണ്‍സ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ടോപ് സ്‌കോറര്‍. റിയാന്‍ പരാഗ് 28 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം 37 റണ്‍സെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി മതീഷ പതിരാന, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ ചെന്നൈയ്ക്കായി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്ക്വാദ് 44 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും സഹിതം 63 റണ്‍സെടുത്തു. 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമായി രവീന്ദ്ര ജഡേജ 32 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്നു ചെന്നൈയ്ക്ക്. രണ്ടാം പന്തില്‍ ധോണി പുറത്തായതോടെയാണ് ചെന്നൈ കൂടുതല്‍ സമ്മര്‍ദ്ദത്തിലായത്. 11 പന്തില്‍ ധോണി 16 റണ്‍സെടുത്ത് പുറത്തായി. നാല് പന്തില്‍ പുറത്താകാതെ 11 റണ്‍സുമായി ജാമി ഓവര്‍ടണ്‍ ശ്രമിച്ച് നോക്കിയെങ്കിലും വിജയത്തിലെത്തിയില്ല. രാജസ്ഥാന്‍ റോയല്‍സിനായി വാനിന്ദു ഹസരങ്ക നാല് വിക്കറ്റെടുത്തു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന്റെ ജയം നേടി.