രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്ക് ആശ്വാസം; സഞ്ജു സാംസണ്‍ ക്യാപ്റ്റനായി തിരിച്ചെത്തുന്നു; അനുമതി നല്‍കി ബിസിസിഐ

ബെംഗളൂരു: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായി ഉടന്‍ ചുമതലയേല്‍ക്കും. സഞ്ജുവിന് വിക്കറ്റ് കീപ്പറാകാന്‍ ബിസിസിഐ അനുമതി നല്‍കി. കഴിഞ്ഞ ദിവസം പരിശോധനകള്‍ക്കായി സഞ്ജു ബെംഗളൂരുവിലെ 'സെന്റര്‍ ഓഫ് എക്സലന്‍സില്‍' എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയാണു സഞ്ജു സാംസണു വിരലിനു പരിക്കേറ്റത്. പരിക്കുമാറിയെങ്കിലും ഐപിഎല്‍ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാകാന്‍ താരത്തിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെ രാജസ്ഥാനായി ഇംപാക്ട് പ്ലേയറുടെ റോളിലായിരുന്നു സഞ്ജു കളിച്ചത്.
പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സഞ്ജു ഉടന്‍ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാംപിലേക്കു മടങ്ങും. ശനിയാഴ്ച പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ മത്സരം. ഈ മത്സരത്തില്‍ സഞ്ജു രാജസ്ഥാനെ നയിക്കും. പഞ്ചാബിലെ മഹാരാജ യാദവീന്ദ്ര സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് രാജസ്ഥാന്റെ അടുത്ത മത്സരം. സീസണിലെ ആദ്യ മത്സരങ്ങളില്‍ യുവതാരം റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനോടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റ രാജസ്ഥാന്‍ ചെന്നെ സൂപ്പര്‍ കിങ്സിനെതിരെ ആറു റണ്‍സ് വിജയവും സ്വന്തമാക്കി.