ഐപിഎല്ലില്‍ രാജസ്ഥാനെ നയിക്കാന്‍ സഞ്ജു എത്തും; രഞ്ജി ട്രോഫി സെമിയില്‍ കളിക്കില്ല; ശസ്ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കിടെ വിരലിന് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഐ പി എല്ലില്‍ കളിക്കും. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയാല്‍ താരം ഐ.പി.എല്ലില്‍ രാജസ്ഥാന്റെ നായകനായെത്തും. ഒരു മാസമെങ്കിലും വിരലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാന്‍ വേണ്ടി വരും. പരിക്കിനെ തുടര്‍ന്ന് താരത്തിന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ മത്സരം നഷ്ടമായിരുന്നു.
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യിലാണ് സഞ്ജുവിന് പരിക്കേറ്റത്. പിന്നാലെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് ഗ്രൗണ്ടിലെത്തിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ടീം ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയശേഷമാണ് പിന്നീട് കളിച്ചത്. അടുത്ത ഓവറില്‍ സഞ്ജു പുറത്താകുകയും ചെയ്തു.