കോഹ്‌ലിയും ശാസ്ത്രിയും പുറത്തായേക്കും; ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം
ട്വന്റി ലോകകപ്പ് നേടിയാല്‍ ക്യാപ്റ്റന് തല്‍സ്ഥാനം നിലനിര്‍ത്താം.
മുംബൈ: ഒക്ടോബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങള്‍ വരുന്നു. നിലവിലെ കോച്ചിങ് സ്ഥാഫിനെ മുഴുവന്‍ മാറ്റാനാണ് ബിസിസിഐയുടെ തീരുമാനം. കൂടാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനവും തെറിച്ചേക്കും. 2017 മുതല്‍ ഇന്ത്യയുടെ സ്ഥിരം കോച്ചിങ് പാനലില്‍ ഉള്ള രവി ശാസ്ത്രി, ബൗളിങ് കോച്ച് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ ഇതോടെ പുറത്താവും. ലോകകപ്പോടെ ടീമിനോട് വിടപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് ശാസ്ത്രിയും അറിയിച്ചിട്ടുണ്ട്. കോച്ചിങ് പാനലും രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
2019 മുതല്‍ ഒരു ഐസിസി ട്രോഫി നേടാന്‍ ഇന്ത്യന്‍ ടീമിന് ആയിട്ടില്ല. 2017ലെ ചാംപ്യന്‍സ് ട്രോഫി, 2019ലെ ലോകകപ്പ്, വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് എന്നിവയെല്ലാം ഇന്ത്യ കൈവിട്ടിരുന്നു. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിതെളിയിച്ചിട്ടുണ്ട്. വിദേശത്ത് നിരവധി പരമ്പര നേട്ടം ഉണ്ടെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ ടീം കാലിടറുന്നതാണ് ടീം ഉടച്ചു വാര്‍ക്കലിന് പിന്നില്‍. ക്യാപ്റ്റന്‍ കോഹ്‌ലിയുടെ കീഴില്‍ ഐസിസി ട്രോഫി നേടാന്‍ കഴിയാത്തത് തന്നെയാണ് ക്യാപ്റ്റനെ മാറ്റുന്നതിന് പിന്നില്‍.ട്വന്റി ലോകകപ്പ് നേടിയാല്‍ ക്യാപ്റ്റന് തല്‍സ്ഥാനം നിലനിര്‍ത്താം. എന്നാല്‍ കോച്ചിങ് സ്റ്റാഫിനെ പൂര്‍ണമായും ഒഴിവാക്കും.