ഐപിഎല്‍; ബെംഗളൂരുവിന്റെ വിജയകുതിപ്പിന് ബ്ലോക്ക്; ഗുജറാത്ത് ടൈറ്റന്‍സിന് എട്ട് വിക്കറ്റ് ജയം

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കുതിപ്പിന് ബ്ലോക്കിട്ട് ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് ബെംഗളൂരുവിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം.
ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്ലറുടെയും സായ് സുദര്‍ശന്റെയും ബാറ്റിംഗ് മികവില്‍ ഗുജറാത്ത് അനായാസം മറികടന്നു.
39 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന ബട്ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ് 18 പന്തില്‍ 30 റണ്‍സുമായി ബട്ലര്‍ക്ക് വിജയത്തില്‍ കൂട്ടായി. സായ് സുദര്‍ശന്‍ 36 പന്തില്‍ 49 റണ്‍സടിച്ച് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 14 റണ്‍സെടുത്ത് മടങ്ങി. ആര്‍സിബിക്കായി ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍ ആര്‍സിബി 20 ഓവറില്‍ 169-8, ഗുജറാത്ത് ടൈറ്റന്‍ 17.5 ഓവറില്‍ 170-2.
170 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഗുജറാത്തിന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ആദ്യ മൂന്നോവറില്‍ വരിഞ്ഞുകെട്ടിയെങ്കിലും പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെസിലെത്തി. അഞ്ചാം ഓവറില്‍ ഭുവനേശ്വര്‍ കുമാറാണ് ഗില്ലിനെ(14 പന്തില്‍ 14) മടക്കി ഗുജറാത്തിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. എന്നാല്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ജോസ് ബട്ലര്‍ ആദ്യം സായ് സുദര്‍ശന് പിന്തുണ നല്‍കിയാണ് തുടങ്ങിയത്.
പന്ത്രണ്ടാം ഓവറില്‍ ഗുജറാത്ത് 100 കടന്നതിന് പിന്നാലെ അര്‍ധസെഞ്ചുറിക്ക് അരികെ സുദര്‍ശനെ(49) ഹേസല്‍വുഡ് വീഴ്ത്തിയതോടെ കളിയുടെ കടിഞ്ഞാണേറ്റെടുത്ത ബട്ലര്‍ 30 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പിന്നാലെ തകര്‍ത്തടിച്ച ബട്ലര്‍ ഹേസല്‍വുഡിനെ തുടര്‍ച്ചയായി സിക്‌സിന് പറത്തി ഗുജറാത്തിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. ഹേസല്‍വുഡിന്റെ ഓവറില്‍ മൂന്നാം സിക്‌സ് നേടി. ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡ്(18 പന്തില്‍ 30*) ഗുജറാത്തിനെ വിജയവര കടത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി തുടക്കത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും ലിയാം ജിതേഷ് ശര്‍മയുടെയും ലിവിംഗ്സ്റ്റണിന്റെയും ടിം ഡേവിഡിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സടിച്ചു. 40 പന്തില്‍ 54 റണ്‍സടിച്ച ലിവിംഗ്സ്റ്റണാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ 33ഉം ടിം ഡേവിഡ് 18 പന്തില്‍ 32 ഉം റണ്‍സെടുത്തപ്പോള്‍ വിരാട് കോഹ്‌ലി ഏഴും ഫില്‍ സാള്‍ട്ട് 14ഉം റണ്‍സെടുത്ത് പുറത്തായി. ഗുജറാത്തിനായി മുഹമ്മസ് സിറാജ് മൂന്നും സായ് കിഷോര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.