അവസാന ഓവറില്‍ ജയം വെട്ടിപിടിച്ച് ലങ്ക; ഇന്ത്യന്‍ അരങ്ങേറ്റക്കാര്‍ നിരാശരാക്കി
ധനഞ്ജയ ഡി സില്‍വ(40), രണസിങ്കെ(36) എന്നിവരാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.
കൊളംബോ: നിരവധി മാറ്റങ്ങളുമായി ശ്രീലങ്കയ്‌ക്കെതിരേ ഇറങ്ങിയ ഇന്ത്യന്‍ ടീമിന് രണ്ടാം ട്വന്റിയില്‍ തോല്‍വി. കൊവിഡ് ഭീതിയില്‍ നിരവധി താരങ്ങളെ പുറത്തിരുത്തി നാല് പേര്‍ക്ക് അരങ്ങേറ്റം നല്‍കിയ മല്‍സരത്തിന്റെ അവസാന ഓവറില്‍ ടീം ഇന്ത്യ ജയം കൈവിട്ടു.
133 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ രണ്ട് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ഭുവി, ചേതന്‍ സക്കറിയ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും നേടി. ചെറിയ സ്‌കോറാണെങ്കിലും ഇന്ത്യന്‍ ടീം ഡെത്ത് ഓവറുകളില്‍ തിരിച്ചുവന്നിരുന്നു.എന്നാല്‍ അവസാന ഓവറുകളില്‍ മല്‍സരത്തിന്റെ ഗതി മാറുകയായിരുന്നു.എട്ടാം നമ്പറില്‍ ഇറങ്ങിയ ചാമിക കരുണരത്‌നെയാണ് ലങ്കയ്ക്ക് വിജയം നല്‍കിയത്. 19, 20 ഓവറുകളില്‍ താരം മികച്ച ബാറ്റിങ് കാഴ്ചവച്ചതോടെ ജയം ലങ്കയ്‌ക്കൊപ്പമായി. ധനഞ്ജയ ഡി സില്‍വ(40), രണസിങ്കെ(36) എന്നിവരാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യയ്ക്ക് 132 റണ്‍സ് കൂട്ടിചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ധവാന്‍(40) മാത്രമേ പിടിച്ചു നിന്നുള്ളൂ. ട്വന്റിയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം നടത്തിയ ഋതുരാജ് ഗെയ്ക്ക് വാദ്(21) റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറ്റൊരു അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍ 29 റണ്‍സ് നേടി. സഞ്ജു സാംസണും(7) കാര്യമായ നേട്ടം കാഴ്ചവച്ചില്ല. നിതീഷ് റാണ(9), ഭുവനേശ്വര്‍ കുമാര്‍ (13*), നവ്ദീപ് സെയ്‌നി(1) എന്നിവര്‍ക്കും വേണ്ടത്ര തിളങ്ങാനായില്ല.