ഐപിഎല്‍; സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെ വീഴ്ത്തി ഡല്‍ഹിക്ക് ജയം

സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി നേടിയത്.

Update: 2021-04-25 18:27 GMT


ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് -ഡല്‍ഹി ക്യാപിറ്റല്‍സ് മല്‍സരത്തില്‍ ജയം ഡല്‍ഹിക്കൊപ്പം. സൂപ്പര്‍ ഓവറില്‍ രണ്ട് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി നേടിയത്. നേരത്തെ 160 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. സ്‌കോര്‍ തുല്യമായതിനെ തുടര്‍ന്ന് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.


സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒരോവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഏഴ് റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഡല്‍ഹി എട്ട് റണ്‍സെടുത്ത് ജയിക്കുകയായിരുന്നു. ഡല്‍ഹിക്കായി ഋഷഭ് പന്ത് അഞ്ച് റണ്‍സെടുത്തു. മൂന്ന് റണ്‍സ് എക്‌സ്ട്രാസിലൂടെയായിരുന്നു.റാഷിദ് ഖാനാണ് ഹൈദരാബാദിനായി ബൗള്‍ ചെയ്തത്. സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനായി വാര്‍ണര്‍ രണ്ടും വില്ല്യംസണ്‍ നാലും റണ്‍സ് നേടി. അക്‌സര്‍ പട്ടേലാണ് ഡല്‍ഹിക്കായി ബൗള്‍ ചെയ്തത്.


ജോണി ബെയര്‍സ്‌റ്റോ, കാനെ വില്ല്യംസണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി സ്‌കോറിനൊപ്പമെത്തുക്കൊപ്പമെത്തുകയായിരുന്നു.18 പന്തിലാണ് ബെയര്‍‌സ്റ്റോ 38 റണ്‍സ് നേടിയത്. സീസണില്‍ ആദ്യമായി ഫോമിലേക്ക് വന്ന ന്യൂസിലന്റ് ക്യാപ്റ്റന്‍ വില്ല്യംസണ്‍ 51 പന്തില്‍ 66 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഡല്‍ഹിക്കായി അവേഷ് ഖാന്‍ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് നേടി.


നേരത്തെ ടോസ് നേടിയ ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൃഥ്വി ഷാ(53), ശിഖര്‍ ധവാന്‍ (28), ഋഷഭ് പന്ത്(37), സ്റ്റീവ് സ്മിത്ത് (34) എന്നിവരുടെ ബാറ്റിങ് മികവില്‍ ഡല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയിരുന്നു.




Tags:    

Similar News