പ്രിയം ഗാര്‍ഗിന്റെ ചിറകിലേറി സണ്‍റൈസേഴ്‌സ്; ചെന്നൈക്ക് തോല്‍വി
ഏഴ് റണ്‍സിനായിരുന്നു തോല്‍വി. ധോണിയും (47*), ജഡേജയും (50) പൊരുതിയെങ്കിലും ഹൈദരാബാദിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കഷ്ടകാലം തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും ചെന്നൈ തോല്‍വിയറിഞ്ഞു. ഏഴ് റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എടുത്ത 164 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ 157 റണ്‍സിന് പുറത്താവുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 157 റണ്‍സെടുത്തത്. ധോണിയും (47*), ജഡേജയും (50) ചെന്നൈയ്ക്കായി പൊരുതിയെങ്കിലും ഹൈദരാബാദിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഹൈദരാബാദിനുവേണ്ടി നടരാജന്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍ സമദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു.
വാര്‍ണര്‍ (28), മനീഷ് പാണ്ഡെ (29) എന്നിവര്‍ ഹൈദരാബാദിനായി ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും ഇരുവരും പെട്ടെന്ന് പുറത്തായി. ഇതിനിടയില്‍ ബെയര്‍സ്റ്റോയെയും (0), വില്ല്യംസണെയും (9) അവര്‍ക്ക് നഷ്ടമായി.
നാലിന് 69 എന്ന നിലയില്‍ തകര്‍ന്ന സണ്‍റൈസേഴ്‌സിനെ രക്ഷിച്ചത് ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ പ്രിയം ഗാര്‍ഗ്-അഭിഷേക് ശര്‍മ്മാ കൂട്ടുകെട്ടാണ്. 26 പന്തില്‍ നിന്നാണ് ഗാര്‍ഗ് 51 റണ്‍സെടുത്തത്. ആറു ഫോറും ഒരു സിക്‌സറും അടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. അഭിഷേക് ശര്‍മ്മ 31 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്നത്തെ തോല്‍വിയോടെ ചെന്നൈ ലീഗില്‍ അവസാന സ്ഥാനത്തെത്തി. രണ്ട് ജയമുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണുള്ളത്.