പരിക്ക് ഭേദമായില്ല; മുംബൈക്ക് തിരിച്ചടി; ഹാര്‍ദിക്കിന് ഐപിഎല്ലും നഷ്ടമായേക്കും
ഡല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് 2024 ഐപിഎല്‍ സീസണ്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ഹാര്‍ദിക്കിനും മുംബൈക്കും തിരിച്ചടിയായിരിക്കുന്നത്.ഇത്തവണത്തെ താരലേലത്തിനു മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക്കിനെ മുംബൈ ട്രേഡ് ചെയ്തിരുന്നു. തുടര്‍ന്ന് രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക്കിനെ മുംബൈ തങ്ങളുടെ ക്യാപ്റ്റനായും നിയമിച്ചു. ഇതിനു പിന്നാലെയാണ് സീസണില്‍ ഫ്രാഞ്ചൈസിക്ക് തിരിച്ചടിയാകുന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഒക്ടോബര്‍ 19-ന് ബംഗ്ലാദേശിനെതിരെ പുണെയില്‍ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ശേഷിച്ച ലോകകപ്പ് മത്സരങ്ങളും അതിനു ശേഷം ഓസ്ട്രേലിയക്കെതിരേയും ദക്ഷിണാഫ്രിക്കയ്ക്കെതിരേയും നടന്ന നിശ്ചിത ഓവര്‍ പരമ്പരകളും താരത്തിന് നഷ്ടമായി. അഫ്ഗാനിസ്താനെതിരേ ഇനി നടക്കാനിരിക്കുന്ന ടി20 പരമ്പരയും ഹാര്‍ദിക്കിന് നഷ്ടമാകും. ഇതിനു പിന്നാലെയാണ് പരിക്ക് ഗുരുതരമായതിനാല്‍ ഐപിഎല്ലും നഷ്ടമായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യസീസണില്‍ തന്നെ ചാമ്പ്യന്മാരാക്കിയും രണ്ടാംസീസണില്‍ ഫൈനലിലെത്തിച്ചതുമാണ് പാണ്ഡ്യയെ നായകനാക്കി വാഴിച്ച് തിരിച്ചുകൊണ്ടുവരാന്‍ മുംബൈ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.