തുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്‍; ടോപ് സ്‌കോറര്‍ ആയി സഞ്ജു
ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മികച്ച വിജയതുടക്കം കുറിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആദ്യ മല്‍സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരേ 20 റണ്‍സിന്റെ ജയമാണ് ആര്‍ആര്‍ നേടിയത്. രാജസ്ഥാന്റെ ടോപ് സ്‌കോററും ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ആണ്. 194 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ എല്‍എസ്ജിക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ലഖ്‌നൗവിനായി നിക്കോളസ് പൂരന്‍ 41 പന്തില്‍ 64 റണ്‍സ് നേടി ടോപ് സ്‌കോററായി.പൂരന്‍ ഒറ്റയ്ക്ക് പൊരുതിയെങ്കില്‍ ഭാഗ്യം ഇന്ന് ആര്‍ആറിനെ തുണയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 58 റണ്‍സെടുത്തു. രാജസ്ഥാനായി ബോള്‍ട്ട് രണ്ടും ബര്‍ഗര്‍, അശ്വിന്‍, യുസ് വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആറ് സിക്സും മൂന്ന് ഫോറും ഉള്‍പ്പെട്ട ഇന്നിങ്സാണ് സഞ്ജുവിന്റേത്. 33 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. എല്ലാ സീസണിന്റെയും തുടക്കമെന്ന പോലെ ഇത്തവണയും ഗംഭീരമായി തുടക്കംകുറിക്കാന്‍ സഞ്ജുവിനായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് പവര്‍ പ്ലേയ്ക്കു മുന്നേതന്നെ ഓപ്പണര്‍മാരായ ജോസ് ബട്ലറെയും യശസ്വി ജയ്സ്വാളിനെയും നഷ്ടമായി. നവീനുല്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കിയാണ് ബട്ലര്‍ മടങ്ങിയത്. ഒന്‍പത് പന്തില്‍ 11 റണ്‍സാണ് സമ്പാദ്യം. 12 പന്തില്‍ 24 റണ്‍സുമായി കത്തിക്കയറിയ യശസ്വി ജയ്സ്വാള്‍ മൊഹ്സിന്‍ ഖാന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചതായിരുന്നു. പന്ത് ക്രുണാല്‍ പാണ്ഡ്യയുടെ കൈകളില്‍ച്ചെന്ന് വീണു വിക്കറ്റ് പോയി.
പിന്നാലെയെത്തിയ റിയാന്‍ പരാഗ്, സഞ്ജുവുമായി ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 142-ല്‍ നില്‍ക്കേ, നവീനുല്‍ ഹഖിന്റെ പന്തില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി പരാഗും തിരിച്ചുപോയി. 29 പന്തില്‍ 43 റണ്‍സാണ് സമ്പാദ്യം. മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെട്ട ഇന്നിങ്സ്. ഷിംറോണ്‍ ഹെറ്റ്മയറും (5) പുറത്തായതോടെ സഞ്ജുവിനൊപ്പം ധ്രുവ് ജുറേലാണെത്തിയത്. 43 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി.
ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് ടോസ് ലഭിച്ചു. മുംബൈ ഗുജറാത്തിനെ ബാറ്റിങിനയച്ചു. ജിടിയ്ക്കായി ഗില്ലും സാഹയുമാണ് ഓപ്പണ്‍ ചെയ്യുന്നത്.