ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്‌സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍ രാജസ്ഥാന്‍ റോയല്‍സ്
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ക്ലാസ്സിക്ക് മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഒരു റണ്‍ ജയം. ലീഗില്‍ അപരാജിതരായി കുതിക്കുന്ന ഒന്നാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ പറുദ്ദീയായ സണ്‍റൈസേഴ്‌സും തമ്മില്‍ ഏറ്റുമുട്ടിയ മല്‍സരം ആവേശകൊടുമുടിയിലാണ് അവസാനിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 201 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സഞ്ജു സാംസണിന്റെ ടീമിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. റയാന്‍ പരാഗും (77), യശ്വസി ജെയ്‌സ്വാളും (67) മികച്ച സ്‌കോര്‍ കണ്ടെത്തിയിട്ടും രാജസ്ഥാന് തോല്‍ക്കാനായിരുന്നു വിധി.
ലോകകപ്പ് ടീമില്‍ ഇടം നേടിയ ജയ്‌സ്വാള്‍ ഫോം നിലനിര്‍ത്തിയപ്പോള്‍ മലയാളി ക്യാപ്റ്റന്‍ സഞ്ജുവിന് ഇന്ന് ഡക്കാവാനായിരുന്നു വിധി. വെടിക്കെട്ട് താരം ജോസ് ബട്‌ലറും ഇന്ന് റണ്‍ ഒന്നും എടുക്കാതെ പുറത്തായി. ഹെറ്റ്‌മെയര്‍ക്കും (13) കാര്യമായി അടിക്കാന്‍ കഴിഞ്ഞില്ല. റൗവ്മാന്‍ പവല്‍ അവസാന ഓവറുകളില്‍ 27 റണ്‍സെടുത്ത് നിലയുറപ്പിച്ചെങ്കിലും രണ്ട് പന്ത് ശേഷിക്കെ താരം പുറത്തായത് റോയല്‍സിന്റെ വിജയ പ്രതീക്ഷ അവസാനിപ്പിച്ചു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും നടരാജന്‍, കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിനായി കുമാര്‍ റെഡ്ഡി 42 പന്തില്‍ 76ഉം ട്രാവിസ് ഹെഡ് 58ഉം ക്ലാസ്സന്‍ 42 ും റണ്‍സ് നേടി. മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് എസ്ആര്‍എച്ച് 201 റണ്‍സ് നേടിയത്.