റോയല്‍ ബെംഗളുരു; ഡൂ ഓര്‍ ഡൈ പോരാട്ടത്തില്‍ ചെന്നൈ വീണു; ആര്‍സിബിക്ക് പ്ലേ ഓഫ് ടിക്കറ്റ്
ബെംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന പ്ലേ ഓഫ് ടിക്കറ്റിനായുള്ള മല്‍സരത്തില്‍ ആര്‍സിബിക്ക് ജയം. പോയിന്റ് നിലയില്‍ റോയല്‍ ചാലഞ്ചേഴ്‌സിന് മുന്നിലുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 27 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു പ്ലേ ഓഫില്‍ കയറിയത്. 218 റണ്‍സായിരുന്നു ചെന്നൈയുടെ ലക്ഷ്യം. പരാജയപ്പെട്ടാലും 201 റണ്‍സ് മാര്‍ജിനില്‍ എത്തിയാല്‍ ചെന്നൈക്ക് പ്ലേ ഓഫിലെത്താമായിരുന്നു. എന്നാല്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനെ ധോണിക്കും കൂട്ടര്‍ക്കും സാധിച്ചുള്ളൂ.
രവീന്ദ്ര ജഡേജയും (42) ധോണിയും (25) അവസാന ഓവറുകളില്‍ അടിച്ചു കളിച്ചെങ്കിലും ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഭാഗ്യം തുണച്ചത് കോഹ്‌ലിയെയും കൂട്ടരെയുമാണ്. സിഎസ്‌കെയ്ക്കായി രചിന് രവീന്ദ്ര 37 പന്തില്‍ 61 റണ്‍സെടുത്ത് ടോപ് സ്‌കോറര്‍ ആയി. രഹാനെ 33 റണ്‍സെടുത്തു. ആര്‍സിബിയ്ക്കായി യഷ് ദയാല്‍ രണ്ട് വിക്കറ്റ് നേടി.
ടോസ് ലഭിച്ച ചെന്നൈ ബെംഗളൂരുവിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 218 റണ്‍സ് നേടി.ഫഫ് ഡു പ്ലിസ്സിസ്സ്(54), വിരാട് കോഹ് ലി(47), പട്യാദര്‍ (41), ഗ്രീന്‍ (38) എന്നിവരുടെ കൂറ്റനടികളാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ ഒരുക്കിയത്. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണ് നേരത്തെ പ്ലേ ഓഫ് ബെര്‍ത്ത് നേടിയത്. തോല്‍വിയോടെ ചെന്നൈ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.