തിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ജയം
സെഞ്ചൂറിയന്‍ പാര്‍ക്ക്: തുടര്‍ച്ചയായ രണ്ടാം ട്വന്റി-20യിലും റണ്‍സൊന്നുമെടുക്കാതെ മലയാളി താരം സഞ്ജു സാസംസണ്‍ പവലനിയിലേക്ക് മടങ്ങിയപ്പോള്‍ സെഞ്ചൂറിയന്‍ പാര്‍ക്കില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയുടെ രക്ഷകനായി തിലക് വര്‍മ്മ.ആതിഥേയര്ക്കെതിരേയുള്ള മൂന്നാം മല്‍സരത്തില്‍ ഇന്ത്യ 11 റണ്‍സിന്റെ ജയം നേടി. നാലു മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ നിലവിൽ 2-1ന് മുന്നിലാണ്. വെള്ളിയാഴ്ചയാണ് അവസാന മത്സരം.
തിലക് വര്‍മ്മയുടെ സെഞ്ചുറിയുടെയും അഭിഷേക് ഷര്‍മ്മയുടെ അര്‍ദ്ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യ 219 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുമ്പില്‍ വച്ചത്. വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത പ്രോട്ടീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്താണ് തോല്‍വി അടിയറ വച്ചത്.
ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ രണ്ട് പേര് ഒഴിച്ച് ബാക്കി ഉള്ള താരങ്ങളെല്ലാം വീശിയടിച്ച് തന്നെയാണ് കളം വിട്ടത്. ജാന്സെന് (54), ക്ലാസ്സന് (41) എന്നിവരാണ് കൂടുതല്‍ വെടിക്കെട്ട് പ്രകടനം നടത്തിയവര്‍. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിങ് മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 56 പന്തില്‍ ഏഴ് സിക്സിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയിലാണ് തിലക് വര്‍മ്മ സെഞ്ചുറി നേടിയത്(107). 25 പന്തില്‍ 50 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. സൂര്യകുമാര്‍ യാദവ് ഒരു റണ്‍സെടുത്ത് കളം വിട്ടപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡെ 18 റണ്‍സാണ് എടുത്തത്.രമണ്‍ദീപ് സിങ് 15 റണ്‍സെടുത്തു.