ബംഗ്ലദേശിനെതിരായ ട്വന്റി-20 പരമ്പര: സഞ്ജു സാംസണ്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകും; പ്രഖ്യാപനം ഈ ആഴ്ച

Update: 2024-09-26 06:41 GMT

മുംബൈ: ബംഗ്ലദേശിനെതിരായ മൂന്നു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ട്വന്റി-20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും. താരം ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാകും. ഋഷഭ് പന്തിന് വിശ്രമം അനുവദിക്കുമെന്ന് ഉറപ്പായതോടെയാണ് സഞ്ജു ഒന്നാം നമ്പര്‍ കീപ്പറാകുമെന്ന് ഉറപ്പായത്. ഇഷാന്‍ കിഷനു പകരം ജിതേഷ് ശര്‍മയാകും മറ്റൊരു വിക്കറ്റ് കീപ്പറെന്നാണ് സൂചന. ഇതോടെ, ഇഷാന്‍ കിഷന്റെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് ഉറപ്പായി.

ഈ ആഴ്ച അവസാനത്തോടെ ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ട്വന്റി-20 ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഒക്ടോബര്‍ ഒന്‍പതിന് ഡല്‍ഹിയിലും 12ന് ഹൈദരാബാദിലുമാണ് രണ്ടും മൂന്നും ട്വന്റി-20 മത്സരങ്ങള്‍.

ഈ സീസണില്‍ പത്തോളം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന സാഹചര്യത്തിലാണ് പന്തിന് വിശ്രമം നല്‍കാനുള്ള നീക്കം. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ പന്തിനു പുറമേ ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുമ്ര തുടങ്ങിയവര്‍ക്കും വിശ്രമം അനുവദിച്ചേക്കും. ഇവര്‍ക്കു പുറമേ ഇറാനി ട്രോഫിയില്‍ കളിക്കുന്ന ചില താരങ്ങളും ട്വന്റി-20 പരമ്പരയ്ക്ക് ഉണ്ടാകില്ല.

രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലദേശ് പരമ്പരയിലൂടെ തിരിച്ചെത്തിയേക്കും. ശിവം ദുബെയും ഓള്‍റൗണ്ടര്‍ റോളിലെത്തും. റിങ്കു സിങ്, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, തുഷാര്‍ ദേശ്പാണ്ഡെ, രവി ബിഷ്‌ണോയ് തുടങ്ങിയവരും തിരിച്ചെത്തും. ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും സൂചനകളുണ്ട്.




Tags:    

Similar News