മുംബൈ ക്ലബ്ബിലെ അറസ്റ്റ്; വിശദീകരണവുമായി സുരേഷ് റെയ്‌ന
ഒരു സുഹൃത്താണ് ഡിന്നറിനായി ക്ലബ്ബിലേക്ക് വിളിച്ചതെന്നും ടീം പറഞ്ഞു.
മുംബൈ;നഗരത്തിലെ ക്ലബ്ബില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശദീകരണവുമായി രംഗത്ത്. മുംബൈയില്‍ ഒരു ഷൂട്ടിങിനായാണ് റെയ്‌നയും കൂട്ടുകാരും എത്തിയതെന്നാണ് താരത്തിന്റെ മാനേജ്‌മെന്റ് ടീമിന്റെ വിശദീകരണം. ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കാനിരുന്നതാണെന്നും ഇതിനിടയില്‍ റെയ്‌നയുടെ ഒരു സുഹൃത്താണ് ഡിന്നറിനായി ക്ലബ്ബിലേക്ക് വിളിച്ചതെന്നും ടീം പറഞ്ഞു.കൊവിഡ് പ്രോട്ടോകോളുകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലായിരുന്നുവെന്നും ടീം അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരമായെന്നും ഖേദിക്കുന്നുവെന്നും ടീം അറിയിച്ചു. കഴിഞ്ഞ ദിവസം സുരേഷ് റെയ്‌ന, ഗായകന്‍ ഗുരു രണ്‍ധാവ , ബോളിവുഡ് സെലിബ്രറ്റി സുസൈന്‍ ഖാന്‍ എന്നിവരടക്കം 34 പേരേയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ബ്രട്ടനില്‍ കൊറോണാ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ നടന്ന റെയ്ഡിലാണ് ഡ്രാഗണ്‍ ഫ്‌ളൈ ക്ലബ്ബില്‍ നിന്ന് 34 പേരെ അറസ്റ്റ് ചെയ്തത്.