ആണവ നിലയം പൊട്ടിത്തെറിച്ചാല്‍ ചെര്‍ണോബിലിനേക്കാള്‍ 10 മടങ്ങ് വലിയ ദുരന്തം; മുന്നറിയിപ്പ് നല്‍കി യുക്രെയ്ന്‍
കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ എനര്‍ഗൊദാര്‍ നഗരത്തിലെ സപ്പോര്‍ഷ്യ ആണവനിലയത്തിന് നേരേ റഷ്യ ഷെല്ലാക്രമണം ശക്തമാക്കുകയും വന്‍ തീപ്പിടിത്തമുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് യുക്രെയ്ന്‍. ആണവനിലയ സ്‌ഫോടനമുണ്ടായാല്‍ ചെര്‍ണോബില്‍ ദുരന്തത്തേക്കാള്‍ 10 മടങ്ങ് വലുതായിരിക്കുമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ സൈന്യം ആണവനിലയത്തിന്റെ എല്ലാ ഭാഗത്തുനിന്നും വെടിയുതിര്‍ക്കുകയാണ്. പൊട്ടിത്തെറിയുണ്ടായാല്‍ ചെര്‍ണോബലിനേക്കാള്‍ 10 മടങ്ങ് വലുതായിരിക്കും.
റഷ്യ ഉടന്‍തന്നെ ആക്രമണം നിര്‍ത്തണം. അഗ്‌നിശമന സേനയെ തീയണയ്ക്കുന്നതിന് പ്രദേശത്ത് അനുവദിക്കണം. സുരക്ഷാമേഖല സ്ഥാപിക്കണമെന്നും ദിമിത്രോ കുലേബ ആവശ്യപ്പെട്ടു. 36 വര്‍ഷം മുമ്പുണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. സപ്പോര്‍ഷ്യയില്‍നിന്നാണ് രാജ്യത്തിന്റെ ആണവോര്‍ജത്തിന്റെ 40 ശതമാനവും വിതരണം ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് സപ്പോര്‍ഷ്യ ആണവ നിലയത്തിലെ പവര്‍ യൂനിറ്റിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വക്താവ് ആന്ദ്രേ തുസ് വിശദീകരിച്ചു. അതേസമയം, പ്ലാന്റിലെ റേഡിയേഷന്‍ നിലയില്‍ നിലവില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സുരക്ഷിതമാണെന്നും യുക്രെയ്ന്‍ അറിയിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ ദുരന്തമാണ് ചെര്‍ണോബില്‍ ന്യൂക്ലിയാര്‍ ദുരന്തം. 1986 ഏപ്രില്‍ 26നു പുലര്‍ച്ചെയായിരുന്നു അപകടം സംഭവിച്ചത്. മുമ്പ് സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ യുക്രെയ്‌ന്റെ ഭാഗമായി നിലനില്‍ക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെര്‍ണോബില്‍ ആണവോര്‍ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. റഷ്യന്‍ തനതു സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ച ലൈറ്റ് വാട്ടര്‍ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്ടറുകളുടെ വിഭാഗത്തില്‍പ്പെടുന്ന റിയാക്ടറാണ് അപകടത്തില്‍പെട്ടത്.