ലീഡ്‌സ്: ലോകകപ്പില്‍ ആദ്യ വിജയം നേടാനുള്ള അവസരം പാഴാക്കി അഫ്ഗാനിസ്താന്‍. പാകിസ്താനെതിരായ മല്‍സരത്തിലാണ് അഫ്ഗാനിസ്താന്‍ ചരിത്രവിജയം നേടാനുള്ള അവസരം നഷ്ടപ്പെടുത്തിയത്. ഇതോടെ മൂന്ന് വിക്കറ്റ് ജയത്തോടെ പാകിസ്താന്‍ സെമിയിലേക്കുള്ള ദൂരം കുറച്ചു. ജയത്തോടെ പാകിസ്താന്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് മുന്നിലായി നാലാം സ്ഥാനത്തെത്തി.
പാകിസ്താന് മുന്നില്‍ പൊരുതാവുന്ന സ്‌കോര്‍ (227) വച്ച അഫ്ഗാനിസ്താന്‍ അവസാന ഓവര്‍ വരെ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ അഫ്ഗാന്‍ ബൗളര്‍മാരുടെ പരിചയക്കുറവും ഇമാദ് വസീമിന്റെ സൂപ്പര്‍ ഇന്നിങ്‌സും പാകിസ്താന് വിജയം നല്‍കുകയായിരുന്നു. രണ്ട് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 230 റണ്‍സെടുത്തത്. മൂന്ന് പന്തില്‍ ഒരു റണ്ണെന്ന ലക്ഷ്യത്തില്‍ പാകിസ്താന്‍ നില്‍ക്കുമ്പോഴും അഫ്ഗാന് വിജയസാധ്യതയിലായിരുന്നു. എന്നാല്‍ രണ്ട് പന്ത് ശേഷിക്കെ ഇമാദ് വസീമും(49*), വഹാബ് റിയാസും ചേര്‍ന്ന് പാകിസ്താന്‍ ജയം നേടി.
ഇമാമുള്‍ ഹഖ്(36), ബാബര്‍ അസം(45), ഹാരിസ് സൊഹൈല്‍ (27) എന്നിവരാണ് പാക് നിരയില്‍ 20ന് മുകളില്‍ റണ്‍സ് കണ്ടെത്തിയവര്‍. അഫ്ഗാനായി മുജീബ്, നബി എന്നിവര്‍ രണ്ടും റാഷിദ് ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് ലഭിച്ച അഫ്ഗാനിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്താന്‍ 227 റണ്‍സെടുത്തത്. റഹ്മത്ത്് ഷാ (35), അസ്ഗര്‍ അഫ്ഗാന്‍ (42), നജിബുള്ള (42) എന്നിവരുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. പാകിസ്താന് വേണ്ടി ഷഹീന്‍ അഫ്രീഡി നാലും വഹാബ് , വസീം എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.