ലോകകപ്പ്: ഇംഗ്ലണ്ട് വിജയവഴിയില്‍; ബംഗ്ലാദേശിനെതിരേ കൂറ്റന്‍ ജയം

ബംഗ്ലാദേശ് നിരയില്‍ ഷാക്കിബുല്‍ ഹസന്‍(121), മുഷ്ഫിക്കര്‍ റഹീം(44) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്

Update: 2019-06-08 18:22 GMT

കാര്‍ഡിഫ്: ലോകകപ്പില്‍ ബംഗ്ലാദേശിനെ 106 റണ്‍സിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍(386) പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.5 ഓവറില്‍ 279 റണ്‍സിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് നിരയില്‍ ഷാക്കിബുല്‍ ഹസന്‍(121), മുഷ്ഫിക്കര്‍ റഹീം(44) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 119 പന്തില്‍ 121 റണ്‍സ് നേടിയ ഷാക്കിബ് മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഇരുവരുമൊഴികെയുള്ള താരങ്ങള്‍ക്ക് ഇംഗ്ലണ്ട് ബൗളിങ് നിരയ്ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദുല്ല 28ഉം മൊസാദെക് ഹുസയ്ന്‍ 26ഉം റണ്‍സെടുത്തു. പാകിസ്താനെതിരേ മോശം പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് ബൗളര്‍ ജൊഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തു. ബെന്‍ സ്‌റ്റോക്കസ് മൂന്നും മാര്‍ക്ക് വുഡ് രണ്ടും വിക്കറ്റെടുത്തു.

    നേരത്തേ, ടോസ് ലഭിച്ച ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സെടുത്തു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. മാന്‍ ഓഫ് ദി മാച്ചായ ജേസണ്‍ റോയിയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തിലാണ് ഇംഗ്ലണ്ട് റണ്‍മല ഒരുക്കിയത്. 121 പന്തില്‍ അഞ്ച് ഫോറും 14 ഫോറുമടങ്ങുന്നതാണ് റോയിയുടെ ഇന്നിങ്‌സ്(153). ജോണി ബെയര്‍സ്‌റ്റോ(51), ജോസ് ബട്‌ലര്‍(64) എന്നിവരും ഫോമിലേക്കുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലെത്തുകയായിരുന്നു. സെയ്ഫുദ്ദീന്‍, മെഹദി ഹസ്സന്‍ എന്നിവര്‍ ബംഗ്ലാദേശിനായി രണ്ടുവീതവും മോര്‍ത്തസെ, മുസ്താഫിസൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി. കഴിഞ്ഞ മല്‍സരത്തില്‍ ഇംഗ്ലണ്ട് പാകിസ്താനോട് തോറ്റിരുന്നു.


Tags:    

Similar News