പതിറ്റാണ്ടിന് ശേഷം യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നഷ്ടമാവുമോ
റെക്കോഡ് തുകയ്ക്ക് ചാംപ്യന്‍സ് ലീഗ് ലക്ഷ്യവുമായാണ് താരത്തെ ക്ലബ്ബിലെത്തിച്ചത്
ടൂറിന്‍: 2010-11 സീസണിലാണ് അവസാനമായി യുവന്റസ് യുവേഫാ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാനാവതെ പുറത്തായത്. ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷവും ഇറ്റാലിയന്‍ സൈഡിന് യോഗ്യത ലഭിച്ചിരുന്നില്ല. ഈ രണ്ട് വര്‍ഷവും ഇറ്റലിയിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇതിന് ശേഷമുള്ള 10 വര്‍ഷങ്ങളിലും സീരി എ കിരീടം നേടിയായിരുന്നു ബ്ലൂ ലേഡിയുടെ ചാംപ്യന്‍സ് ലീഗ് പ്രവേശനം. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കാനാവാത്ത ഉയരത്തിലായി യുവന്റസിന്റെ കുതിപ്പ്.
എന്നാല്‍ ഇക്കുറി 2010ന്റെ അതേ അവസ്ഥയിലേക്കാണ് യുവന്റസിന്റെ പോക്ക്. കിരീടം നഷ്ടപ്പെട്ട യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഇക്കുറി തുലാസിലാണ്. യൂറോപ്പാ ലീഗ് പ്രവേശനമെങ്കിലും ക്ലബ്ബിന് ലഭിക്കുമോ എന്നാണ് യുവ് ആരാധകരുടെ ചിന്ത. 33 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുവന്റസ് സീരി എയില്‍ അഞ്ചാം സ്ഥാനത്താണ്. ലീഗില്‍ യുവന്റസിന് ശേഷിക്കുന്നത് അഞ്ച് മല്‍സരങ്ങളാണ്. ഈ അഞ്ച് മല്‍സരങ്ങളില്‍ യുവന്റസ് ജയിച്ചാലും ടോപ് ഫോറിലെ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും ടീമിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത. ഉഡിനീസ്, ഇന്റര്‍മിലാന്‍, സസുഓള, എസി മിലാന്‍, ബോള്‍ഗാനാ എന്നീ ടീമുകള്‍ക്കെതിരേയാണ് യുവന്റസിന്റെ ശേഷിക്കുന്ന മല്‍സരങ്ങള്‍.
കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ യുവന്റസിന് വിജയപാതയില്‍ തിരിച്ചെത്താന്‍ നന്നേ പാടുപെടണം. കരുത്തരായ മിലാന്‍ ടീമുകള്‍ക്കെതിരേ ജയിക്കുക അസാധ്യം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ മല്‍സരങ്ങളില്‍ ഗോള്‍ നേടാനാവത്തത് ടീമിന് തലവേദന സൃഷ്ടിക്കുന്നു. റെക്കോഡ് തുകയ്ക്ക് ചാംപ്യന്‍സ് ലീഗ് ലക്ഷ്യവുമായാണ് താരത്തെ ക്ലബ്ബിലെത്തിച്ചത്. എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ആദ്യമായി ക്ലബ്ബിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത തന്നെ തുലാസിലാണ്. കിരീടം ഉറപ്പിച്ച ഇന്റര്‍മിലാന് താഴെയായി എസി മിലാന്‍, അറ്റ്‌ലാന്റ, നപ്പോളി എന്നിവരാണുള്ളത്. ഈ മൂന്ന് ടീമുകളും മികച്ച ഫോമിലാണ്. കൂടാതെ യുവന്റസിന്റെ തൊട്ട് താഴെയുള്ള ലാസിയോയും ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായാണ് പോരാടുന്നത്.
ഏഴും എട്ടും സ്ഥാനത്തുള്ള എ എസ് റോമയും സസുഓളയും കൂടി ഫോം വീണ്ടെടുത്ത് തിരിച്ചെത്തിയാല്‍ യുവന്റസിന് യൂറോപ്പാ ലീഗ് യോഗ്യത വരെ ഇല്ലാതെ ഈ സീസണ്‍ അവസാനിപ്പിക്കേണ്ടി വരും. വന്‍ താരനിര ഉണ്ടായിട്ടും ചാംപ്യന്‍സ് ലീഗ് യോഗ്യതയും കൂടി യുവന്റസിന് നഷ്ടമായാല്‍ വന്‍ അഴിച്ചുവാര്‍ക്കലിനാവും ബ്ലൂ ലേഡി സാക്ഷ്യം വഹിക്കുക.