യുവന്റസിന് തിരിച്ചടി; ഇറ്റലിയില്‍ മിലാനും നപ്പോളിയും മുന്നോട്ട്
നപ്പോളിയും മിലാനും അവസാന ദിവസം ജയിക്കുന്ന പക്ഷം 2011 ന് ശേഷം യുവന്റസിലാത്ത ചാംപ്യന്‍സ് ലീഗിന് അരങ്ങൊരുങ്ങും
ടൂറിന്‍: യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തടസ്സമായി എസി മിലാനും നപ്പോളിയും. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഫിയൊറന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് സീരി എയിലെ ടോപ് ത്രീയിലേക്ക് നപ്പോളി കയറിയത്. കാഗ്ലിയാരിയോട് ഗോള്‍ രഹിത സമനില വഴങ്ങിയ എസി മിലാനാണ് നാലാം സ്ഥാനത്ത് എത്തിയത്. എസി മിലാനേക്കാള്‍ ഒരു പോയിന്റ് കുറവുള്ള യുവന്റസ് അഞ്ചാം സ്ഥാനത്താണ്.
നപ്പോളിയോ,മിലാനോ,യുവന്റസോ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നറിയാന്‍ അവസാന റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയാവണം. നപ്പോളിയും എ സി മിലാനും അവസാന ദിവസം ജയിക്കുന്ന പക്ഷം 2011-12ന് ശേഷം ആദ്യമായി ഇറ്റലിയില്‍ നിന്ന് യുവന്റസിലാത്ത ചാംപ്യന്‍സ് ലീഗിന് അരങ്ങൊരുങ്ങും. യുവന്റസിന്റെ അവസാന മല്‍സരം ബോള്‍ഗാനയ്‌ക്കെതിരേയാണ്. ലീഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച കരുത്തരായ അറ്റ്‌ലാന്റയാണ് മിലാന്റെ എതിരാളികള്‍. നപ്പോളിക്ക് എതിരാളി ഹെല്ലാസ് വെറോണയും.