യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് ഇന്റര്‍മിലാന്‍ വില്ലനാവുമോ
എന്നാല്‍ അന്റോണിയോ കോണ്ടെയുടെ ടീമിന് യുവന്റസിനെ നിലംപരിശാക്കുക എന്ന ലക്ഷ്യമാണുള്ളത്.
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ അലിയന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്ന് നടക്കുന്നത് തീപ്പാറും പോരാട്ടം. ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയുടെ അവസാന വട്ട പോരാട്ടത്തിലാണ് യുവന്റസ് ഇന്ന് ഇന്റര്‍മിലാനെ നേരിടുന്നത്. കിരീടം വന്‍ മാര്‍ജിനില്‍ നേരത്തെ കൈക്കലാക്കിയ ഇന്ററിന് ഇന്നത്തെ മല്‍സരത്തിലെ ഫലം പ്രശ്‌നമല്ല. എന്നാല്‍ 10 വര്‍ഷത്തെ സീരി എ കിരീടമെന്ന യുവന്റസിന്റെ കുത്തക അവസാനിപ്പിച്ച ഇന്ററിനോട് ഇന്ന് പക വീട്ടുക എന്ന ലക്ഷ്യം മാത്രമാണ് ബ്ലൂ ലേഡിക്കുള്ളത്.എന്നാല്‍ അന്റോണിയോ കോണ്ടെയുടെ ടീമിന് യുവന്റസിനെ നിലംപരിശാക്കുക എന്ന ലക്ഷ്യമാണുള്ളത്.
അഞ്ചാം സ്ഥാനത്തുള്ള യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാന്‍ വന്‍ മാര്‍ജിനിലുള്ള ജയം തന്നെ വേണം. യുവന്റസിന് മുന്നിലുള്ള ടീമുകള്‍ മികച്ച ഫോമിലാണുള്ളത് എന്ന് തന്നെയാണ് അവരുടെ സങ്കടം. അവരുടെ ജയവും ടീമിന്റെ യോഗ്യതയെ ബാധിക്കും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. ഇരുവരും ജനുവരിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ററിനായിരുന്നു ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടി ട്രാക്കിലേക്ക് തിരിച്ചുവന്നത് തന്നെയാണ് യുവന്റസിന്റെ പ്രതീക്ഷ.