യുവന്റസിന് ആശ്വാസം; ചാംപ്യന്‍സ് ലീഗ് യോഗ്യത; റൊണാള്‍ഡോ കളിച്ചില്ല
സീരി എയിലെ ടോപ് സ്‌കോറര്‍ പട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി.
ടൂറിന്‍; ഒടുവില്‍ ഇറ്റാലിയന്‍ സീരി എ ചാംപ്യന്‍ കിരീടം നഷ്ടപ്പെട്ട യുവന്റസ് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടിയെടുത്തു.ബോള്‍ഗാനയ്‌ക്കെതിരേ 4-1ന്റെ ജയത്തോടെ നാലാം സ്ഥാനത്താണ് യുവന്റസ് ഫിനിഷ് ചെയ്തത്. ടോപ് ഫോര്‍ പ്രതീക്ഷയില്‍ ഇറങ്ങിയ നപ്പോളി ഹെല്ലാസ് വെറോണയോട് സമനില പിടിച്ചത് യുവന്റസിന് തുണയാവുകയായിരുന്നു.മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് എ സി മിലാനും ചാംപ്യന്‍സ് ലീഗ് യോഗ്യത കരസ്ഥമാക്കി. ഇന്റര്‍മിലാനും അറ്റ്‌ലാന്റയും നേരത്തെ യോഗ്യത നേടിയിരുന്നു.
ഇന്ന് യുവന്റസിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചിരുന്നില്ല. താരത്തെ പുറത്തിരുത്തിയാണ് കോച്ച് പിര്‍ളോ ടീമിനെ ഇറക്കിയത്. ചീസാ, മൊറാറ്റ(ഡബിള്‍), സെസന്‍സി എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തവര്‍. നപ്പോളിയും സസുഓളയോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ ലാസിയോയും യൂറോപ്പാ ലീഗിന് യോഗ്യത നേടി.
സീരി എയിലെ ടോപ് സ്‌കോറര്‍ പട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടി. 29 ഗോളുകളാണ് താരം നേടിയത്. ഇതോടെ യൂറോപ്പിലെ മൂന്ന് ലീഗുകളിലും ടോപ് സ്‌കോറര്‍ പട്ടം നേടിയ റെക്കോഡും റോണോ സ്വന്തമാക്കി.
അവസാന ദിവസമായ ഇന്ന് ലീഗില്‍ നിന്ന് ബെനവെന്റോ, ക്രോട്ടോണ്‍, പാര്‍മ എന്നിവര്‍ തരംതാഴ്ത്തപ്പെട്ടു.