കൊവിഡ്; എടികെ -ബെംഗളൂരു മല്‍സരം മാറ്റിവച്ചു; ഐഎസ്എല്‍ നിര്‍ത്തിവയ്ക്കാന്‍ സാധ്യത
എന്നാല്‍ ഒഡീഷാ ടീമില്‍ വ്യാഴ്ച വീണ്ടും രണ്ട് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പനാജി: കൊവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ് സി മല്‍സരം മാറ്റിവച്ചു. ഇരുടീമിലും നിരവധി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മല്‍സരം മാറ്റിവച്ചത്. ഒരു ടീമിന് 15 താരങ്ങള്‍ ഉണ്ടെങ്കില്‍ മല്‍സരവുമായി മുന്നോട്ട് പോവാമെന്നാണ് നിയമം. എന്നാല്‍ രണ്ട് ടീമിനും വേണ്ടത്ര താരങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് എടികെയുടെ ഒഡീഷാ എഫ്‌സിക്കെതിരായ മല്‍സരവും കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. മൂന്ന് ടീമിലെ താരങ്ങളും കനത്ത ക്വാറന്റൈനില്‍ ആണ്. ഒഡീഷാ താരങ്ങളുടെ ക്വാറന്റൈന്‍ നാളെയാണ് അവസാനിക്കേണ്ടത്. എന്നാല്‍ ഒഡീഷാ ടീമില്‍ വ്യാഴ്ച വീണ്ടും രണ്ട് കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനിടെ ഐഎസ്എല്‍ മാറ്റിവയ്ക്കാന്‍ ക്ലബ്ബുകള്‍ അധികൃതരോട് ആവശ്യപ്പെട്ടു. നിരവധി താരങ്ങളില്ലാതെ റിസ്‌ക്ക് എടുത്താണ് മല്‍സരങ്ങള്‍ക്കിറങ്ങുന്നതെന്ന് ക്ലബ്ബുകള്‍ ചൂണ്ടികാണിക്കുന്നു. ഐഎസ്എല്‍ രണ്ടാഴ്ചത്തേയ്ക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ക്ലബ്ബുകളുടെ ആവശ്യം. താരങ്ങളെല്ലാം ഐസുലേഷനില്‍ പ്രവേശിച്ചാല്‍ കൂടുതല്‍ രോഗ വ്യാപനമില്ലാതെ പിന്നീട് മല്‍സരങ്ങള്‍ ആരംഭിക്കാമെന്നാണ് ക്ലബ്ബുകളുടെ ഭാഷ്യം. ഇതുസംബന്ധിച്ച തീരുമാനം ഉടന്‍ ഐഎസ്എല്‍ അധികൃതര്‍ പ്രഖ്യാപിക്കും.
അതിനിടെ എടികെ മല്‍സരം മാറ്റിവച്ചതിനെതിരേ ഗോവാ എഫ് സി ക്യാപ്റ്റന്‍ എഢു ബേഡിയ രംഗത്തെത്തി. കഴിഞ്ഞ ദിവസം ടീമിലെ ഒമ്പത് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ഗോവയുടെ മല്‍സരം മാറ്റിവയ്ക്കാത്തതിനെതിരേയാണ് ബേഡിയ രംഗത്തെത്തിയത്.