സൂപ്പര്‍ ലീഗില്‍ കൊമ്പന്‍മാര്‍ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളികള്‍ ഹൈദരാബാദ്
മികച്ച സ്‌ക്വാഡാണ് ഇന്നിറങ്ങുന്നതെന്നും ഹൈദരാബാദിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും കോച്ച് അറിയിച്ചു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ഹൈദരാബാദ് എഫ് സിക്കെതിരേ ഇറങ്ങുന്നു. ലീഗില്‍ സൂപ്പര്‍ ഫോമില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈദരാബാദിനെ മെരുക്കുക എളുപ്പമല്ല. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ഫോം തിരിച്ചുപിടിച്ചിട്ടുണ്ടെങ്കിലും ഹൈദരാബദ് വെല്ലുവിളി മറികടക്കുക പ്രയാസമായിരിക്കും.
അവസാന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനെതിരേ 2-2ന്റെ സമനില വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് വരുന്നത്.ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് സെമി ഉറപ്പിക്കാം. അവസാന മല്‍സരത്തില്‍ ഗോവയെ 3-1നാണ് ഹൈദരാബാദ് വീഴ്ത്തിയത്. ഇന്ന് പരാജയപ്പെട്ടാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്താന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.തുടര്‍ മല്‍സരങ്ങളില്‍ ജയം മാത്രം പോരാ. മറ്റ് ടീമുകളുടെ ജയ- പരാജയങ്ങള്‍ ആശ്രയിച്ചായിരിക്കും ടീമിന്റെ സെമി സാധ്യത.
സീസണില്‍ ഒരു തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു ഗോളിന് ജയം ബ്ലാസ്‌റ്റേഴ്‌സിനൊപ്പമായിരുന്നു.പരിക്കിന്റെ പിടിയിലുള്ള നിശുകുമാര്‍ ഇന്നിറങ്ങില്ല. സസ്‌പെന്‍ഷനെ തുടര്‍ന്ന് ഡയസ്സും സന്ദീപും പുറത്തിരിക്കും. ഹോര്‍മിപാം, രാഹുല്‍ കെ പി എന്നിവര്‍ ഇന്ന് ടീമിനൊപ്പം ചേര്‍ന്നേക്കും. ജോര്‍ജ്ജ് പെരേരാ ഡയസ്സിനെ കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരു മല്‍സരത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. എടികെയ്‌ക്കെതിരായ മല്‍സരത്തില്‍ ഫെഡറേഷന്റെ അച്ചടക്ക നിയമം താരം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. രാത്രി 7.30ന് നടക്കുന്ന മല്‍സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് സംപ്രേക്ഷണം ചെയ്യും. ബാംബോലിമിലെ അത്‌ലറ്റിക്ക് സ്‌റ്റേഡിയത്തിലാണ് മല്‍സരം.
എനിസ് സിപ്പോവിച്ച്, മാര്‍ക്കോ ലെസ്‌കോവിച്ച്, ബിജോയ്, ഹര്‍മന്‍ജോത് ഖബ്രാ, സഹല്‍ അബ്ദുല്‍ സമദ്, ജിക്ക്‌സണ്‍ സിങ്, വിന്‍സി ബരേട്ടോ, അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വസ്, പ്രഭുസ്ഖാന്‍(ഗോള്‍ കീപ്പര്‍) എന്നിവരെല്ലാം ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും.
ഒഗ്ബഷെ തന്നെയാണ് ഹൈദരാബാദ് നിസാസിന്റെ തുരുപ്പ് ചീട്ട്. ഒഗ്ബഷെ ഗോള്‍ വേട്ട തുടര്‍ന്നാല്‍ മഞ്ഞപ്പടയ്ക്ക് ഇന്ന് നിരാശ ആയിരിക്കും ഫലം. എന്നാല്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് ടീമിന്റെ ഫോമില്‍ സംതൃപ്തനാണ്. മികച്ച സ്‌ക്വാഡാണ് ഇന്നിറങ്ങുന്നതെന്നും ഹൈദരാബാദിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും കോച്ച് അറിയിച്ചു.