ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എടികെ ബലപരീക്ഷണം
മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സി ഗോവയെ നേരിടും
വാസ്‌കോ: ഐഎസ്എല്ലില്‍ സെമി പ്രതീക്ഷ സജീവമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എടികെ മോഹന്‍ ബഗാനെതിരേ ഇറങ്ങുന്നു. രാത്രി 7.30ന് തിലക് മൈതാനിയിലാണ് മല്‍സരം. ലീഗില്‍ മികച്ച ഫോമിലാണ് എടികെ. ലീഗില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്താണ്. ഇത്രയും മല്‍സരങ്ങളില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് ലീഗില്‍ 26 പോയിന്റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്നു. ഇരുടീമിനും സെമി ഉറപ്പിക്കാന്‍ നിര്‍ണ്ണായകമാണ് ഇന്നത്തെ ഫലം.
ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ അതേ പോയിന്റാണ് എടികെയ്ക്കുള്ളത്. ജയം തുടര്‍ന്ന് ഹൈദരാബാദിനെ പിന്‍തള്ളി ഒന്നിലെത്താനാണ് എടികെ ശ്രമം. ഇന്ന് ജയിച്ചാല്‍ കൊമ്പന്‍മാര്‍ക്ക് എടികെയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്ത് നിലയുറപ്പിക്കാം. അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ്ജ് പെരെയറാ ഡയസ്സ് എന്നിവര്‍ തന്നെയാണ് ടീമിന്റെ തുരുപ്പ്ചീട്ടുകള്‍. മാര്‍ക്കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്രാ എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയതും ബ്ലാസ്‌റ്റേഴ്‌സ് സ്‌ക്വാഡിന് ഊര്‍ജ്ജം നല്‍കും. അവസാന മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ ജയം കണ്ട് ടീം വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.
ലിസ്റ്റണ്‍ കൊലാക്കോ, മന്‍വീര്‍ സിങ് , റോയ് കൃഷ്ണ, ഹ്യൂഗോ ബൗമൗസ്, ഡേവിഡ് വില്ല്യം എന്നിവര്‍ എടികെയ്ക്കായി ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. അഞ്ച് താരങ്ങളും പരിക്കിന്റെ പിടിയിലാണ്.
അവസാന അഞ്ച് മല്‍സരങ്ങളില്‍ നാല് ജയവും ഒരു സമനിലയുമായാണ് എടികെയുടെ വരവ്. ഈ സീസണില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 4-2ന് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.
ഇന്ന് രാത്രി 9.30ന് നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ് സി ഗോവയെ നേരിടും. ഗോവ ലീഗില്‍ ഒമ്പതാം സ്ഥാനത്താണ്. ഗോവയെ അനായാസം മറികടന്ന് ഒന്നാം സ്ഥാനത്തെ ലീഡ് വര്‍ദ്ധിപ്പിക്കാനാണ് ഹൈദരാബാദ് ശ്രമം.