അരങ്ങേറ്റത്തില്‍ താരമായി കശ്മീരിന്റെ ഉംറാന്‍ മാലിക്ക്
അനായസം പന്തെറിയുന്ന താരമാണെന്നും ആദ്യ ഇലവനില്‍ ഇടം നേടാത്തതില്‍ അതിശയം തോന്നുന്നുവെന്നും മുന്‍ ഫാസ്റ്റ് ബൗളര്‍ നെഹ്‌റ പറയുന്നു
ദുബയ്: ഐപിഎല്ലിന്റെ ദുബായ് സീസണില്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ താരത്തിനുള്ള റെക്കോഡിന് അര്‍ഹനായിരിക്കുകയാണ് കശ്മീരിന്റെ സ്വന്തം ഉമ്രാന്‍ മാലിക്ക്. 21 കാരനായ ഉംറാന്‍ കഴിഞ്ഞ ദിവസമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ വേഗതയാണ് ഇപ്പോള്‍ ഐപിഎല്ലിലെ ചര്‍ച്ചാ വിഷയം. കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരത്തില്‍ താരം എറിഞ്ഞ പന്തിന്റെ വേഗത 150.06 കിലോ മീറ്ററാണ്. തന്റെ ആദ്യ പന്ത് 145 കിലോ മീറ്ററും രണ്ടാമത്തെ പന്ത് 142 കിലോ മീറ്ററും ആയിരുന്നു. മൂന്നാമത്തെ പന്താണ് 150.06 പിന്നിട്ടത്. രണ്ട് തവണയാണ് താരം 150 കിമിറ്ററിന് മുകളില്‍ പന്തെറിഞ്ഞത്. ഈ ഐപിഎല്ലിലെ വേഗതയേറിയ താരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഹമ്മദ് സിറാജായിരുന്നു. 147.68, 147.67 എന്നിങ്ങിനെയാണ് പന്തിന്റെ വേഗത. ഈ റെക്കോഡാണ് ഉംറാന്‍ തിരുത്തിയത്.
കന്നി മല്‍സരത്തില്‍ തന്റെ ടീം തോറ്റെങ്കിലും ഉംറാന്‍ ആരാധകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ്. നാലോവറില്‍ താരം 27 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ശുഭ്മാന്‍ ഗില്‍ , നിതിഷേ റാണ എന്നിവരടങ്ങിയ കൊല്‍ക്കത്തന്‍ ബാറ്റിങ് നെടുതൂണുകളെ താരം ഞെട്ടിച്ചിരുന്നു. ഉംറാന്റെ പന്ത് നേരിടാന്‍ ഇവര്‍ നന്നേ പാടുപ്പെട്ടിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് താരം താരം കശ്മീരിന്റെ ട്വന്റി-20 ടീമില്‍ അരങ്ങേറ്റം കുറിച്ചത്.ഈ സീസണിന്റെ തുടക്കത്തില്‍ എസ്ആര്‍എച്ചിന്റെ നടരാജന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഉംറാന്‍ എന്ന ഫാസ്റ്റ് ബൗളര്‍ക്ക് ടീമിലേക്ക് വിളി വരുന്നത്. ടീമില്‍ ഇടം നേടിയെങ്കിലും ഹൈദരാബാദിന്റെ മറ്റ് മല്‍സരങ്ങളില്‍ താരത്തിന് അരങ്ങേറ്റം കുറിക്കാനായിരുന്നില്ല.സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു അവസരം. കഴിഞ്ഞ ദിവസം സന്ദീപിന് പകരം ഹൈദരാബാദ് ഉംറാനെ പരീക്ഷിക്കുകയായിരുന്നു.
ഇത്ര മികച്ച ഫാസ്റ്റ് ബൗളര്‍ ഉണ്ടായിട്ടും താരത്തെ എന്തുകൊണ്ട് കഴിഞ്ഞ മല്‍സരങ്ങളിലൊന്നും ഇറക്കിയില്ലെന്നാണ് ആരാധകരുടെ ചോദ്യം. ഉംറാന്‍ അനായസം പന്തെറിയുന്ന താരമാണെന്നും ആദ്യ ഇലവനില്‍ ഇടം നേടാത്തതില്‍ അതിശയം തോന്നുന്നുവെന്നും മുന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ പറയുന്നു. ഐപിഎല്ലില്‍ കളിക്കുന്ന നാലാമത്തെ കശ്മീരി താരമാണ് ഉംറാന്‍. അബ്ദുല്‍ സമദ്, റാസിഖ് സലാം, പര്‍വേഷ് റസൂല്‍ എന്നിവരാണ് ഇതിന് മുമ്പ് ഐപിഎല്ലില്‍ കളിച്ച കശ്മീരികള്‍.
ജമ്മു കശ്മീര്‍ ടീമിന്റെ മുന്‍ കോച്ചും മുന്‍ ഇന്ത്യന്‍ ഫാസ്റ്റ്ബൗളര്‍ കൂടിയായ ഇര്‍ഫാന്‍ പഠാനാണ് ഉംറാന്റെ കഴിവ് കണ്ടെത്തിയതും താരത്തിന് പ്രത്യേക പരിശീലനം നല്‍കിയതും.ഈ വേഗത നിലനിര്‍ത്തിയാല്‍ കശ്മീരി എക്‌സ്പ്രസ് എന്ന പേരില്‍ ഉംറാന്‍ ഇന്ത്യന്‍ ടീമിലേക്ക് കയറുമെന്നുറപ്പ്.