ജനുവരി ട്രാന്‍സ്ഫര്‍ ഡെഡ്‌ലൈന്‍ ഇന്ന് അവസാനിക്കും; താരങ്ങളെ പിടിക്കാന്‍ നെട്ടോട്ടവുമായി ക്ലബ്ബുകള്‍

എറിക്‌സണ്‍ ഫ്രീ ട്രാന്‍സ്ഫറില്‍ എത്തുന്നത് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രന്റ്‌ഫോഡിലേക്കാണ്.

Update: 2022-01-31 12:23 GMT


ലണ്ടന്‍: ജനുവരി ട്രാന്‍സ്ഫര്‍ ജാലകം ഇന്ന് അടയ്ക്കാനിരിക്കെ പ്രമുഖ താരങ്ങള്‍ക്ക് വേണ്ടിയുള്ള വന്‍കിട ക്ലബ്ബുകളുടെ അവസാനവട്ട ചര്‍ച്ചകള്‍ തുടരുകയാണ്. സൗദി ഭീമന്‍മാരുടെ ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡാണ് ഇത്തവണ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കാര്യമായി ഇറങ്ങിയത്. പ്രീമിയര്‍ ലീഗില്‍ റെലഗേഷന്‍ ഭീഷണിയുള്ള അവര്‍ വന്‍കിട താരങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത്.


ബ്രിങ്ടണ്‍ന്റെ ഡാന്‍ ബേണിനെ ന്യൂകാസില്‍ ഇന്ന് ഒപ്പുവയ്ക്കും.അതിനിടെ യുനൈറ്റഡിന്റെ ജെസ്സി ലിംഗാര്‍ഡ് ന്യൂകാസില്‍ യുനൈറ്റഡില്‍ എത്തിയേക്കും. റയല്‍ മാഡ്രിഡിന്റെ മാര്‍സിലെയ്ക്കുവേണ്ടിയും ന്യൂകാസില്‍ രംഗത്തുണ്ട്.


അവസാന ദിവസമായ ഇന്നത്തെ ഏറ്റവും പുതിയ സൈനിങ് ഡെന്‍മാര്‍ക്കിന്റെ മുന്‍ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യാന്‍ എറിക്‌സണ്‍ന്റെയാണ്. നിലവില്‍ ഒരു ക്ലബ്ബിനു വേണ്ടിയും കളിക്കാത്ത എറിക്‌സണ്‍ ഫ്രീ ട്രാന്‍സ്ഫറില്‍ എത്തുന്നത് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രന്റ്‌ഫോഡിലേക്കാണ്.ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് താരം ചികില്‍സയിലായിരുന്നു.


മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഡോണി വാന്‍ ഡീ ബീക്ക് ലോണില്‍ എവര്‍ട്ടണിനു വേണ്ടി കളിക്കാന്‍ ഇന്ന് ധാരണയായി. യുവന്റസിന്റെ ആരോണ്‍ റാസിയ്ക്ക് വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ രംഗത്തുണ്ട്. ഇന്ന് അര്‍ദ്ധരാത്രിയോടെ റാസിയുടെ ക്ലബ്ബ് ഏതെന്ന് വ്യക്തമാവും.


ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് റിംസിന്റെ ടീനേജ് സ്‌ട്രൈക്കര്‍ ഹ്യൂഗോ എകിറ്റിക്കെയെ അല്‍പ്പം മുമ്പ് ന്യൂകാസില്‍ സ്വന്തമാക്കി. ലിയോണിന്റെ മദ്ധ്യനിര താരം ബ്രൂണോ ഗുയിമാറസിനെ ന്യൂകാസില്‍ കഴിഞ്ഞ ദിവസം സൈന്‍ ചെയ്തിരുന്നു.


ബാഴ്‌സലോണാ താരം ഉസ്മാനെ ഡെംബലേ പിഎസ്ജിയിലേക്ക് പോവുന്ന പക്ഷം ആഴ്‌സണലിന്റെ സൂപ്പര്‍ താരം പിയേറേ എമിറിക് ഒബമായെങ് ബാഴ്‌സയിലേക്ക് എത്തും. ഒബമായെങിന്റെ ഏജന്റുമായി കറ്റാലന്‍സ് ചര്‍ച്ച തുടരുകയാണ്.


ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ മൊഗ്ലബെഷിന്റെ മദ്ധ്യനിര താരം ഡെന്നിസ് സക്കറിയ യുവന്റസുമായി കരാറിലെത്തി. പോര്‍ട്ടോയുടെ കൊളംബിയന്‍ താരം ലൂയിസ് ഡയസ്സിനെ ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നു.


പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം ഇന്ന് എട്ട് താരങ്ങളെ ടീമിലെത്തിക്കാനുള്ള അവസാന ശ്രമത്തിലാണ്. യുവന്റസ് താരങ്ങളായ ആല്‍വാരോ മൊറാട്ട, കുലുസേവസ്‌കി, റൊഡ്രിഗോ എന്നിവരെയും ടാഗ്വേ എന്‍ഡോബെലേ, ജിയോ ലോ സെല്‍സോ, ഡൊഹെര്‍റ്റേ, ദെലെ അലി, സ്റ്റീവന്‍ ബെര്‍ജ്വന്‍ എന്നിവരെ ടീമിലെത്തിക്കാനാണ് ടോട്ടന്‍ഹാമിന്റെ ലക്ഷ്യം. ഇതില്‍ മൊറാട്ടയ്ക്കായി ബാഴ്‌സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും രംഗത്തുണ്ട്. ഫുള്‍ഹാമിന്റെ 19കാരനായ ഫാബിയോ കാര്‍വലോഹിനായി ലിവര്‍പൂള്‍ രംഗത്തുണ്ട്. ലിവര്‍പൂളിന്റെ ജപ്പാന്‍ താരം മിനാമിനോയെ ലോണില്‍ എത്തിക്കാന്‍ ലീഡ്‌സ് യുനൈറ്റഡ് മുന്നിലുണ്ട്.




Tags:    

Similar News