11 താരങ്ങള്‍ക്ക് കൊറോണ; ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ ആളില്ലാതെ അയാകസ്
കൂടതല്‍ താരങ്ങളെ ഹോളണ്ടില്‍ നിന്നും എത്തിക്കാന്‍ ക്ലബ്ബ് യുവേഫായോട് അനുമതി തേടിയിട്ടുണ്ട്.
ആംസ്റ്റര്‍ഡാം: നാളെ ചാംപ്യന്‍സ് ലീഗിന് ഇറങ്ങുന്ന ഡച്ച് ക്ലബ്ബ് അയാകസിന് വന്‍ തിരിച്ചടിയായി കൊറോണ. നാളെ ഡാനിഷ് ക്ലബ്ബ് മിഡിറ്റ്ലാന്റ് എഫ് സിക്കെതിരായി കളിക്കുന്ന അയാക്‌സിന്റെ 11 താരങ്ങള്‍ക്കാണ് കൊറോണാ വൈറസ് സ്ഥിരീകരിച്ചത്. ഒനാന, മാര്‍ട്ടിന്‍സ്, ടിംബര്‍, സ്‌റ്റെക്ലെന്‍ബര്‍ഗ് എന്നീ പ്രമുഖ താരങ്ങള്‍ക്കെല്ലാം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 17 താരങ്ങളാണ് ടീമിനൊപ്പമുള്ളത്. 17 പേരും ഡാനിഷില്‍ എത്തിയിരുന്നു. ഇവിടെ നടന്ന രോഗ പരിശോധനയിലാണ് സ്ഥിരീകരണം. രോഗം സ്ഥിരീകരിച്ചതോടെ നാളെ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ അയാകസിന് താരങ്ങള്‍ ഇല്ല. കൂടതല്‍ താരങ്ങളെ ഹോളണ്ടില്‍ നിന്നും എത്തിക്കാന്‍ ക്ലബ്ബ് യുവേഫായോട് അനുമതി തേടിയിട്ടുണ്ട്. ക്ലാസന്‍, ടാഡിച്ച് എന്നിവര്‍ നിലവില്‍ ഹോളണ്ടിലാണ്. ഇവരും നാളെ ടീമിനൊപ്പം ചേര്‍ന്നേക്കും. അയാക്‌സിന്റെ ഈ വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ കടുത്തതാണ്. ആദ്യ മല്‍സരത്തില്‍ ലിവര്‍പൂളിനോട് തോറ്റ അയാകസ് രണ്ടാം മല്‍സരത്തില്‍ അറ്റ്‌ലാന്റയോട് സമനില പിടിച്ചിരുന്നു. മൂന്നാമത്തെ മല്‍സരമാണ് നാളെ നടക്കുന്നത്. ജയം അനിവാര്യമായ മല്‍സരത്തിനാണ് കൊറോണ വില്ലനായി വന്നത്. കഴിഞ്ഞ ആഴ്ച ഡച്ച് ലീഗില്‍ നടന്ന മല്‍സരത്തില്‍ അയാക്‌സ് 13 ഗോളിന്റെ റെക്കോഡ് ജയം സ്വന്തമാക്കിയിരുന്നു.
അതിനിടെ ബയേണ്‍ മ്യൂണിക്കിന്റെ സെന്റര്‍ ബാക്കി നിക്ലാസ് സുലെയ്ക്ക് കൊറോണാ സ്ഥിരീകരിച്ചു. മുന്‍ ഇറ്റാലിയന്‍ ഇതിഹാസ താരം ടോട്ടിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ടോട്ടിയുടെ പിതാവ് അടുത്തിടെ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു.