കാലിടറി ചെല്‍സി; ലെസ്റ്ററിനും തോല്‍വി; ആഴ്‌സണലിന് വന്‍ ജയം
16ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം 3-2നാണ് ചെല്‍സിയെ തറപ്പറ്റിച്ചത്.
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ചാംപ്യന്‍സ് ലീഗ് യോഗ്യതാ പോരാട്ടം കടുക്കുന്നു. ആറ് റൗണ്ട് മല്‍സരങ്ങള്‍ ബാക്കിയിരിക്കെ മൂന്നും നാലും സ്ഥാനങ്ങള്‍ക്കാണ് പോരാട്ടം കനക്കുന്നത്. ഇന്ന് നടന്ന ചെല്‍സി-വെസ്റ്റ്ഹാം മല്‍സരത്തില്‍ ചെല്‍സി തോറ്റതോടെ അടുത്ത മല്‍സരങ്ങള്‍ അവര്‍ക്ക് നിര്‍ണ്ണായകമാണ്. 16ാം സ്ഥാനത്തുള്ള വെസ്റ്റ്ഹാം 3-2നാണ് ചെല്‍സിയെ തറപ്പറ്റിച്ചത്. റെലഗേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള വെസ്റ്റ്ഹാമിന്റെ പോരാട്ടം വിജയം കാണുകയായിരുന്നു. 42ാം മിനിറ്റില്‍ വില്ല്യനിലൂടെ ചെല്‍സിയാണ് ലീഡെടുത്തത്. എന്നാല്‍ സെസെക്ക്, അന്റോണിയാ എന്നിവരിലൂടെ വെസ്റ്റ്ഹാം പിന്നീട് മുന്നിലെത്തി. 72ാം മിനിറ്റിലൂടെ വില്ലിനിലൂടെ ചെല്‍സി വീണ്ടും ലീഡെടുത്തെങ്കിലും 89ാം മിനിറ്റില്‍ യാര്‍മൊളേങ്കയിലൂടെ വെസ്റ്റ്ഹാം ജയം വരുതിയിലാക്കി. ചെല്‍സി തോറ്റതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും വോള്‍വ്‌സിന്റെയും ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ആക്കം കൂടി. അഞ്ചും ആറും സ്ഥാനത്ത് നില്‍ക്കുന്ന ഇരു ടീമിനും 52 പോയിന്റ് വീതമാണുള്ളത്. ചെല്‍സിക്ക് 54 പോയിന്റാണുള്ളത്. അതിനിടെ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലെസ്റ്ററിനെ എവര്‍ട്ടണ്‍ തോല്‍പ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററിന്റെ ചാംപ്യന്‍സ് ലീഗ് പ്രവേശനത്തിനും ഈ തോല്‍വി തിരിച്ചടിയായിട്ടുണ്ട്. 2-1നാണ് ലെസ്റ്ററിന്റെ തോല്‍വി. അവസാന സ്ഥാനക്കാരായ നോര്‍വിച്ചിനെ ആഴ്‌സണല്‍ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ആഴ്‌സണല്‍ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. ഒബമെയാങ്(ഡബിള്‍), സാക്ക, സെഡ്രിക്ക് സോറസ് എന്നിവരാണ് ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍.